
ബെംഗളൂരു: ജാതി സെന്‍സസ് റിപ്പോര്‍ട്ടില്‍ തീരുമാനം വീണ്ടും മാറ്റിവെച്ച് കര്‍ണാടക. മന്ത്രിമാര്‍ക്കിടയില്‍ കൂടുതല്‍ വിപുലമായ ചര്‍ച്ചകള്‍ സാധ്യമാക്കുന്നതിനായാണ് തീരുമാനം. വിഷയത്തില്‍ മന്ത്രിസഭ ഹ്രസ്വ ചര്‍ച്ച നടത്തിയെന്നും നിരവധി മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കിയെന്നും നിയമ മന്ത്രി എച്ച് കെ പാട്ടീല്‍ പറഞ്ഞു. പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി വിവരങ്ങള്‍ അവതരിപ്പിച്ചു. കൂടുതല്‍ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും'- എച്ച് കെ പാട്ടീല്‍ പറഞ്ഞു. മെയ് 15-നാകും അടുത്ത മന്ത്രിസഭാ യോഗം നടക്കുക.
2015-ല്‍ സംസ്ഥാനവ്യാപകമായി നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് 2024 ഫെബ്രുവരി 29-ന് കര്‍ണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ (കെഎസ്ബിസി) സിദ്ധരാമയ്യ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 18-ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിദ്ധരാമയ്യ 34 മന്ത്രിമാരോടും റിപ്പോര്‍ട്ടിനെക്കുറിച്ചുളള അഭിപ്രായങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ഇതുവരെ 12 മന്ത്രിമാര്‍ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയിട്ടുളളത്.
സംസ്ഥാന ജനസംഖ്യയുടെ 70 ശതമാനവും പിന്നാക്ക വിഭാഗങ്ങളില്‍നിന്നുളളവരാണ് എന്ന ജാതി സര്‍വ്വേ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ഒബിസി വിഭാഗക്കാരായ നേതാക്കളുടെ ആവശ്യം. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രബലരായ വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങള്‍ റിപ്പോര്‍ട്ടിന് എതിരാണ്. 2011-ന് ശേഷം ദേശീയ സെന്‍സസ് നടന്നിട്ടില്ലാത്തതിനാല്‍ വിശ്വസനീയമായ ഡാറ്റയുടെ അഭാവമുണ്ടെന്നും റിപ്പോര്‍ട്ട് അശാസ്ത്രീയമാണെന്നുമാണ് ഈ വിഭാഗങ്ങളുടെ വാദം. ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ഒബിസി വിഭാഗങ്ങള്‍ക്കുളള സംവരണം 32 ശതമാനത്തില്‍ നിന്ന് അവരുടെ ജനസംഖ്യാനുപാതത്തിന് അനുസരിച്ച് 51 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ബിസിയുടെ ശുപാര്‍ശ.
Content Highlights: karnataka government defers action on caste survey report