ഇന്ത്യ–പാകിസ്താൻ സംഘർഷം; അതിർത്തികൾ അടച്ചു; രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിൽ അതീവ ജാഗ്രത

മേഖലയിൽ പൊതുസമ്മേളനങ്ങൾ നടത്തുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

dot image

ജയ്പൂർ: ഇന്ത്യ–പാകിസ്താൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിൽ അതീവ ജാഗ്രത. പാകിസ്താൻ്റെ ഭാഗത്തുനിന്നുള്ള ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കുന്നതിനാലാണ് ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.മേഖലയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ വരെ റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെ സംസ്ഥാന പൊലീസിനും ജാഗ്രതാ നിർദേശം നൽകി. ഇരു സംസ്ഥാനങ്ങളിലെയും എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും അവധികൾ റദ്ദാക്കി തിരിച്ചെത്തണമെന്നു സംസ്ഥാന സർക്കാരുകൾ ഉത്തരവിട്ടു. മേഖലയിൽ പൊതുസമ്മേളനങ്ങൾ നടത്തുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പാകിസ്താനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സംസ്ഥാനമായ രാജസ്ഥാനിലാണ് അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. പാക്കിസ്ഥാനുമായുള്ള സംസ്ഥാനത്തെ അതിർത്തി പൂർണമായും അടച്ചുപൂട്ടി. അതിർത്തിയിൽ സംശയാസ്പദമായ എന്തെങ്കിലും നീക്കം കണ്ടാൽ വെടിവയ്ക്കാനുള്ള നിർദേശം സുരക്ഷാ സേനാംഗങ്ങൾക്കു നൽകിയിട്ടുണ്ട്. മേഖലയിൽ ഇന്ത്യൻ വ്യോമസേനയും അതീവ ജാഗ്രതയിലാണ്. പടിഞ്ഞാറൻ മേഖലയിൽ യുദ്ധവിമാനങ്ങൾ പട്രോളിങ് നടത്തുന്നതിനൊപ്പം‌ കരസേനയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

രാജസ്ഥാനിലെ ബിക്കാനീർ, ശ്രീ ഗംഗാനഗർ, ജയ്സാൽമീർ, ബാർമർ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വിവിധ പരീക്ഷകൾ മാറ്റിവെച്ചു. സംസ്ഥാനത്തെ റെയിൽവേ ജീവനക്കാരുടെ അവധികളും റദ്ദാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ജനങ്ങളെ ഒഴിപ്പിക്കാനുള്ള പദ്ധതികളും ജില്ലാ ഭരണകൂടങ്ങൾ സ്വീകരിക്കും. അതിർത്തിക്കടുത്ത് പാക്കിസ്ഥാന്റെ ഡ്രോണുകളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ജയ്സാൽമീറിലും ജോധ്പൂരിലും അർധരാത്രി മുതൽ പുലർച്ചെ നാല് വരെ ബ്ലാക്ക്ഔട്ട് ചെയ്യാനും ഉത്തരവിട്ടു. പഞ്ചാബ് അതിർത്തിയില്‍ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി.

അതേസമയം ചെനാബ് നദിയിലുളള സലാല്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടിരിക്കുകയാണ് ഇന്ത്യ. സലാല്‍ അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ത്യ തുറന്നിരിക്കുന്നത്. ജമ്മു കശ്മീരിലെ റിയാസിയില്‍ മഴ തുടര്‍ച്ചയായി പെയ്യുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്. ഇത് നിയന്ത്രിക്കുന്നതിനായാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.എന്നാൽ ഇന്ത്യ ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടത് പാകിസ്താന് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെളളപ്പൊക്ക ഭീതിയിലാണ്.

ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന പ്രധാന നദികളിലൊന്നാണ് ചെനാബ്. നദിയുടെ ഒഴുക്കില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ മേഖലയെ സാരമായി ബാധിക്കും.പാകിസ്താനെ ഔദ്യോഗികമായി അറിയിക്കാതെയാണ് ഇന്ത്യ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിനു പിന്നാലെ പാകിസ്താനുമായുളള സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. അതിനുപിന്നാലെ പാകിസ്താനിലേക്കുളള ജലമൊഴുക്ക് തടയാനുളള നടപടികളും ഇന്ത്യ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ചെനാബ് നദിയിലെ ബഗ് ലിഹര്‍ ഡാമിന്റെയും സലാല്‍ ഡാമിന്റെയും ഷട്ടറുകള്‍ ഇന്ത്യ പൂര്‍ണമായും അടച്ചിരുന്നു. ഇന്ത്യയുടെ ജലയുദ്ധം പാകിസ്താനിലെ കര്‍ഷകരെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Content Highlight: India-Pakistan conflict; Borders are closed; High alert on Rajasthan and Punjab borders

dot image
To advertise here,contact us
dot image