
ഡൽഹി: ഇന്ത്യയ്ക്ക് അകത്ത് 15 സ്ഥലങ്ങളില്‍ മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി പാക് സേനയുടെ വ്യാജ പ്രചാരണം. ഓപ്പറേഷന്‍ സിന്ദൂരിന് മറുപടി എന്നാണ് വ്യാജ അവകാശവാദം. ശ്രീനഗറിലെ വ്യോമ താവളം വ്യോമസേന തകര്‍ത്തു, കരസേനയുടെ ബ്രിഗേഡ് ആസ്ഥാനം തകര്‍ത്തുവെന്നാണ് പ്രചാരണം. എന്നാല്‍ വെറും അവകാശവാദങ്ങൾ മാത്രമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം പാകിസ്താനിൽ വലിയ പരിഭ്രാന്തിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായാണ് ഇന്ത്യൻ കരസേന നിലവിൽ അറിയിച്ചിരിക്കുന്നത്. ഇന്ത്യ നടത്തിയ ആക്രമണത്തിൽ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും ഉചിതമായ സമയത്ത് മറുപടി നൽകുമെന്നുമാണ് പാക് ഭീഷണി.
ഇന്ന് പുലർച്ചെയായിരുന്നു കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ 'ഓപ്പറേഷൻ സിന്ദൂരി'ലൂടെ ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി.
ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 55 ൽ അധികം പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. മുസഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കി.
Content Highlights:Pakistan Army with false propaganda