
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ സിപിഐഎം സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി എം എ ബേബി. അയൽ രാജ്യത്ത് ഭീകരവാദികളുടെ കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ സർക്കാർ പ്രവർത്തിക്കണം. ഭീകരാക്രമണം നടത്തിയവരെ നിയമനടപടികൾക്ക് വിധേയമാക്കാൻ ഇന്ത്യക്ക് കൈമാറണം. കേന്ദ്രസർക്കാർ അതിനു വേണ്ടി പ്രവർത്തിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.
ഭീകരതയ്ക്കെതിരായ ചെറുത്ത് നിൽപ്പ് വേണമെന്നത് എല്ലാവരും ആഗ്രഹിച്ചിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന പ്രതികരണം വേണമെന്ന് തന്നെയാണ് ഇന്ത്യൻ ജനതയുടെ ആഗ്രഹം. കൂടുതൽ വിവരങ്ങൾ ലഭിച്ചാലേ പ്രതികരണം നടത്താൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്ത് ആക്രമണം നടത്തിയവരെ നിലയ്ക്കു നിർത്തുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കുന്നതിന് എല്ലാവിധ പിന്തുണയും കേന്ദ്ര സർക്കാരിന് നൽകുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം തകർത്തത് പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷൻ സിന്ദൂർ പഹൽഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി. സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.
'ഓപ്പറേഷൻ സിന്ദൂർ' എന്നുപേരിട്ട സൈനിക നടപടിയിലൂടെയാണ് പാക് ഭീകര കേന്ദ്രങ്ങളെ ഇന്ത്യ തകർത്തത്. കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കത്തിലൂടെയായിരുന്നു ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ജെയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ.
Content Highlight: cpim gave all the support to operation sindoor