ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചത്; പാകിസ്താൻ പ്രവർത്തിച്ചത് വിപരീതമായി: ഒമർ അബ്ദുള്ള

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

dot image

ശ്രീനഗർ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കശ്മീർ സജ്ജമാണെന്നും ആളുകൾ മറ്റിടങ്ങളിലേക്ക് മാറേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

'ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യമില്ല. ആശുപത്രികളില്‍ രക്തബാങ്കുകള്‍ സജ്ജമാണ്. ഗതാഗതത്തിനായി ദേശീയപാതകള്‍ തുറന്നിട്ടുണ്ട്. ജനങ്ങള്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. ഇവിടെ നിന്നും ഓടിപ്പോകേണ്ടതില്ല. ജമ്മുകശ്മീരിലെയും ശ്രീനഗറിലെയും സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. ശ്രീനഗറിലെ എയര്‍പോര്‍ട്ട് അടച്ചു'

പാകിസ്താനിലെ ഒരു സാധാരണക്കാരൻ പോലും ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യ പരമാവധി ശ്രമിച്ചു. അവർ ഭീകര കേന്ദ്രങ്ങളാണ് ആക്രമിച്ചത്. എന്നാൽ ഇതിനു വിപരീതമായാണ് പാകിസ്താൻ പ്രവർത്തിച്ചത്. ജമ്മു കശ്മീരിലെ സിവിലിയൻ പ്രദേശങ്ങളിൽ പാകിസ്താൻ ഷെല്ലാക്രമണം നടത്തിയെന്നും ഒമർ അബ്ദുള്ള ആരോപിച്ചു. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

"പാകിസ്താൻ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നതിൽ അതിരുകടന്ന നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകൾ വരുന്നു. എല്ലാ ജില്ലാ കളക്ടർമാരുമായും ഞാൻ ഒരു വീഡിയോ കോൺഫറൻസ് നടത്തി. സ്ഥിതിഗതികൾ വിലയിരുത്തി," അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം തകർത്തത് പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി. സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

'ഓപ്പറേഷൻ സിന്ദൂർ' എന്നുപേരിട്ട സൈനിക നടപടിയിലൂടെയാണ് പാക് ഭീകര കേന്ദ്രങ്ങളെ ഇന്ത്യ തകർത്തത്. കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കത്തിലൂടെയായിരുന്നു ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ജെയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ.

ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതമാണ് ഭീകരർക്കുണ്ടായത്.

Content Highlights: omar abdullah on operation sindoor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us