'ചരിത്രത്തില്‍ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നു'; രാഹുല്‍ ഗാന്ധി

താന്‍ സുവര്‍ണക്ഷേത്രം നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. സിഖ് സമുദായവുമായി നല്ല ബന്ധത്തിലുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

dot image

വാഷിംഗ്ടണ്‍: 1984ലെ സിഖ് വിരുദ്ധ കലാപം ഉള്‍പ്പെടെ ചരിത്രത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്തം താനേറ്റെടുക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ പബ്ലിക്ക് അഫയേഴ്‌സില്‍ ചോദ്യോത്തര സെഷനില്‍ സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിലെ പോരാട്ടം ഒരു സിഖുകാരന് തലപ്പാവ് ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും അനുവാദമുണ്ടോ എന്നതിനെ കുറിച്ചാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെ മുന്‍നിര്‍ത്തി ഒരു സിഖ് യുവാവ് ചോദിക്കുകയായിരുന്നു. അനന്ദ്പൂര്‍ സാഹിബ് പ്രമേയം വിഭജന സ്വഭാവമുള്ളതാണെന്ന് പറഞ്ഞതും സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റവാളികളെന്ന് ആരോപിക്കപ്പെട്ടവരെ സംരക്ഷിച്ചതിനെ കുറിച്ചും യുവാവ് ചോദിച്ചു. സജ്ജന്‍കുമാര്‍, കെപിഎസ് ഗില്‍ എന്നിവരെ മുന്‍നിര്‍ത്തിയും വിമര്‍ശനമുണ്ടായി. സിഖുകാരുമായി അനുനയത്തിന് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ടോയെന്നും ചോദ്യമുണ്ടായി. ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചത്.

'സിഖുകാരെ ഒന്നും ഭയപ്പെടുത്തുന്നതായി താന്‍ കരുതുന്നില്ല. ആളുകള്‍ക്ക് അവരുടെ മതവിശ്വാസം പ്രകടിപ്പിക്കാന്‍ പറ്റാത്ത ഒരു ഇന്ത്യ വേണോ എന്നാണ് താന്‍ നടത്തിയ പ്രസ്താവന. കോണ്‍ഗ്രസ് നടത്തിയ തെറ്റുകളെ കുറിച്ചാണെങ്കില്‍, ഒരുപാട് തെറ്റുകളുണ്ടായപ്പോള്‍ താന്‍ അവിടെയില്ല. പക്ഷെ ചരിത്രത്തില്‍ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട്.', എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

80കളില്‍ സംഭവിച്ചത് തെറ്റായിരുന്നുവെന്ന് താന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. താന്‍ സുവര്‍ണക്ഷേത്രം നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. സിഖ് സമുദായവുമായി നല്ല ബന്ധത്തിലുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlights: “Ready to take responsibility for all Congress mistakes”: Rahul Gandhi

dot image
To advertise here,contact us
dot image