പാര്‍ട്ടിയെ നയിക്കാന്‍ കരുത്തന്മാര്‍ വേണം; സുധാകരന്റെ കരുത്ത് ചോര്‍ന്നിട്ടില്ല: കെ മുരളീധരന്‍

അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു

dot image

തിരുവനന്തപുരം: നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പിന്തുണച്ച് കെ മുരളീധരന്‍. കെ സുധാകരന്‍ മാറണമെന്ന് തങ്ങള്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ മാറ്റം നല്ലതല്ലെന്നാണ് അഭിപ്രായമെന്നും കെ മുരളീധരന്‍ പറഞ്ഞു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

എപ്പോഴും നേതൃമാറ്റ ചര്‍ച്ച നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമല്ല. ആവേശത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമ്പോള്‍ ഇത്തരം വാര്‍ത്ത വരുന്നത് ഗുണകരമല്ല. പാര്‍ട്ടി ആഭ്യന്തര കാര്യങ്ങളില്‍ ഒരു സമുദായവും ഇടപെട്ടിട്ടില്ല. സമുദായങ്ങളെ ഇതിലേക്ക് വലിച്ചിഴക്കരുത്. ഏതെങ്കിലും സമുദായം ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. ഇതെല്ലാം പാര്‍ട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. നേതൃമാറ്റ ചര്‍ച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണ്. പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡിന് മുന്നില്‍ കത്തോലിക്കാ സഭ അധ്യക്ഷന്മാരായി പരിഗണിക്കേണ്ടവരുടെ പേരുകള്‍ നിര്‍ദേശിച്ചെന്ന റിപ്പോര്‍ട്ടിനായിരുന്നു പ്രതികരണം.

കെ സുധാകരന് ആരോഗ്യ പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. എംപിയാവാന്‍ ആരോഗ്യമുണ്ടല്ലോ. അധ്യക്ഷനാകാനും ആരോഗ്യമുണ്ട്. രാഷ്ട്രീയത്തിലാവുമ്പോള്‍ പലര്‍ക്കും താല്‍പര്യങ്ങള്‍ ഉണ്ടാവും. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നതാണ് പാര്‍ട്ടി താല്‍പര്യമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: K Muraleedharan Support K Sudhakaran over President Discussion

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us