
ബാംഗ്ലൂർ: കർണാടക നെലമംഗല അടകമരഹള്ളിയിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീ പിടിത്തത്തിൽ രണ്ട് പേർ വെന്തുമരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനിവാസ് (50), നാഗരാജു(50) എന്നിവരാണ് മരിച്ചത്. മരിച്ച നാഗരാജുവിന്റെ മകന് അഭിഷേഖ് ഗൗഡ, , ഭാര്യ ലക്ഷ്മിദേവി, ഇളയമകന് ബസന ഗൗഡ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നാഗരാജുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രീനിവാസിന് പൊളളലേല്ക്കുന്നതും മരിക്കുന്നതും. ബല്ലാരി സ്വദേശിയാണ് നാഗരാജു. ഇവരുടെ കുടുംബം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സംഭവത്തിൽ മദനായകനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊലീസ് പറയുന്നത് അനുസരിച്ച് വീട്ടില്‍ കത്തിച്ചുവെച്ച വിളക്കില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചത്. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ മാറ്റി വീട്ടില്‍ പുതിയ സിലിണ്ടര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പുതിയ ഗ്യാസ് സിലിണ്ടറിന് ചോർച്ചയുള്ള കാര്യം വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല, നാഗരാജുവിന്റെ മകൻ അഭിഷേകാണ് സിലിണ്ടര്‍ മാറ്റിയിരുന്നത്.
തുടർന്ന് വീട്ടിൽ കത്തിച്ചുവെച്ച വിളക്കിൽ നിന്നും തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. വീടിന് തീ പിടിച്ചതോടെ നാഗരാജുവിന്റെ ഭാര്യയും ഇളയമകനും ഓടിരക്ഷപ്പെട്ടു.
എന്നാൽ അഭിഷേകും നാഗരാജുവും വീട്ടിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് അയൽവാസികളായ ശ്രീനിവാസും ശിവശങ്കറും ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. അഭിഷേകിനെ ശ്രീനിവാസ് രക്ഷപ്പെടുത്തി. എന്നാൽ നാഗരാജുവിനെ രക്ഷിക്കുന്നതിനിടെ അയൽവാസി ശ്രീനിവാസും തീയിൽ കുടുങ്ങി വെന്തുമരിക്കുകയായിരുന്നു. പരിക്കേറ്റ നാല് പേരും ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.
content highlights : Bengaluru: Man, neighbour killed, 3 others injured in fire triggered by gas cylinder leak