
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതല്‍ സുഗമമാക്കാനും ലക്ഷ്യമിട്ട് പുതിയ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ച് മാസത്തില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ (CEOs) സമ്മേളനത്തില്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ ഗ്യാനേഷ് കുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകള്‍ക്കനുസൃതമായാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ദു, ഡോ. വിവേക് ജോഷി എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.
ഇനി മുതല്‍, 1960 ലെ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നിയമത്തിലെ ചട്ടം 9, 1969 ലെ ജനന-മരണം രജിസ്‌ട്രേഷന്‍ നിയമത്തിലെ സെക്ഷന്‍ 3(5)(b) (2023-ല്‍ ഭേദഗതി ചെയ്തതനുസരിച്ച്) എന്നിവ പ്രകാരം, ഇന്ത്യയുടെ രജിസ്ട്രാര്‍ ജനറലില്‍ നിന്ന് ഇലക്ട്രോണിക് മാര്‍ഗം മരണ രജിസ്‌ട്രേഷന്‍ ഡാറ്റ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭ്യമാക്കും. ഇതിലൂടെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കു മരണം രജിസ്റ്റര്‍ ചെയ്ത വിവരം സമയബന്ധിതമായി ലഭ്യമാകും. അതോടൊപ്പം, ഫോം 7 വഴി ഔദ്യോഗിക അപേക്ഷ വരാനായി കാത്തിരിക്കാതെ, വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബിഎല്‍ഒ-മാര്‍ക്ക് സാധിക്കും.
വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ കൂടുതല്‍ വോട്ടര്‍ സൗഹൃദമാക്കുന്നതിനായി അതിന്റെ ഡിസൈന്‍ പുതുക്കാനും കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നു. വോട്ടറുടെ പാര്‍ട്ട് നമ്പറും, സീരിയല്‍ നമ്പറും വലിയ അക്ഷരത്തില്‍ ഡിസ്‌പ്ലേ ചെയ്യുന്നതിലൂടെ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പോളിംഗ് സ്റ്റേഷന്‍ തിരിച്ചറിയാനും, പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ എളുപ്പത്തില്‍ കണ്ടെത്താനുമാകും.
ജനപ്രാതിനിധ്യ നിയമം, 1950 ന്റെ സെക്ഷന്‍ 13B(2) അനുസരിച്ച് ERO നിയമിക്കുന്ന എല്ലാ ബിഎല്‍ഒ-മാര്‍ക്കും സ്റ്റാന്‍ഡേര്‍ഡ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൗരന്മാര്‍ക്ക് ഇത് സഹായകരമാകും. വോട്ടര്‍മാര്‍ക്ക് ബിഎല്‍ഒ-മാരെ തീര്‍ച്ചറിയാനും, വോട്ടര്‍ രജിസ്‌ട്രേഷന്‍ ഡ്രൈവുകള്‍ക്കിടയില്‍ വിശ്വാസത്തോടെ ഇടപെടാനും ഇത് സഹായിക്കും. ഇലക്ഷന്‍ സംബന്ധമായ കാര്യങ്ങളില്‍, തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടര്‍മാരും തമ്മിലുള്ള പ്രഥമസമ്പര്‍ക്കം ബിഎല്‍ഒമാരിലൂടെയാണ്. വീടുകളിലേക്കുള്ള സന്ദര്‍ശനങ്ങളില്‍ ബിഎല്‍ഒമാരെ പൊതു ജനങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
Content Highlights: The Election Commission has taken new measures to make voting more smooth