
ന്യൂഡല്‍ഹി: രാജ്യത്ത് പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസസ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് രാജ്യസഭാ എംപി എ എ റഹീം. കേന്ദ്ര സര്‍ക്കാരിന്റേത് ബിഹാര്‍ തിരഞ്ഞെടുപ്പടക്കമുള്ള തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള നീക്കമാണെന്ന് റഹീം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ബിജെപിക്ക് സാമൂഹിക നീതിയോടുള്ള താല്‍പര്യം കൊണ്ടല്ല, മറിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള പൊളിറ്റിക്കല്‍ മൂവാണിതെന്ന് റഹീം പറഞ്ഞു.
സിപിഐഎം ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പലപ്പോഴായി ഉന്നയിച്ചിട്ടുള്ള കാര്യമാണിതെന്നും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതി സെന്‍സസ് ആവശ്യപ്പെട്ടപ്പോഴെല്ലാം മുഖം തിരിഞ്ഞുള്ള സമീപനമാണ് ബിജെപി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ പൊതു സമീപനവും അങ്ങനെ തന്നെയായിരുന്നെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
'ഹിന്ദു വിഭാഗത്തെ ആകെ വ്യത്യസ്ത ചേരികളില്‍ തിരിക്കാനുള്ള ഗൂഢനീക്കമാണ് ജാതി സെന്‍സസ് എന്ന നിലപാടായിരുന്നു ആര്‍എസ്എസ് എല്ലാ കാലത്തുമെടുത്തത്. പാര്‍ലമെന്റില്‍ ബിജെപി സര്‍ക്കാര്‍ ഈ ആവശ്യത്തെ നിരാകരിച്ച് കൊണ്ട് നിലപാടെടുത്തിട്ടുണ്ടെന്നാണ് വിശ്വാസം. ആ നിലപാടില്‍ നിന്ന് പൊടുന്നനേ കീഴ്‌മേല്‍ മറിയുകയും പെട്ടെന്ന് ജാതി സെന്‍സസ് നമ്മള്‍ നടത്താന്‍ പോകുകയാണെന്ന് പറയുകയും ചെയ്യുന്നത് ബിഹാര്‍ തിരഞ്ഞെടുപ്പിനും മറ്റ് തിരഞ്ഞെടുപ്പിനും മുന്നോടിയാണ്', റഹീം പറഞ്ഞു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ബിജെപിക്ക് വലിയ തരത്തിലുള്ള തകര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും ആ വലിയ തിരിച്ചടിയില്‍ നിന്ന് തിരിച്ചു വരാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നതെന്നും റഹീം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പകളെ കണ്ടുകൊണ്ട് പൊളിറ്റിക്കല്‍ കാര്‍ബണ്‍ എന്ന രീതിയിലാണ് ബിജെപി ഇതിനെ കാണുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ നിലപാടുണ്ടെങ്കില്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ത്യയിലെ എല്ലാ സ്വകാര്യ മേഖലയിലും സംവരണം നടപ്പാക്കുകയാണ് വേണ്ടത്. അതിന് തയ്യാറുണ്ടോയെന്നാണ് കേന്ദ്രത്തോട് ചോദിക്കാനുള്ളതെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞുള്ള വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ജാതി സെന്‍സസ് നടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങള്‍ നടത്തിയത് ജാതി സര്‍വേയാണെന്നും ജാതി സെന്‍സസ് നടത്താനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്രത്തിനാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Content Highlights: A A Raheem responds on Caste census decision of Central Government