പഹൽഗാമിൽ ഭീകരാക്രമണത്തിന് ശേഷം അതിർത്തിയിൽ വീണ്ടും സംഘർഷം; പൂഞ്ചിൽ പാക് പ്രകോപനമെന്ന് റിപ്പോർട്ട്

ഉറി സെക്ടറിലും ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകളുണ്ട്

dot image

ശ്രീന​ഗർ: കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. പൂഞ്ച് ജില്ലയിലെ മെന്ദാർ മേഖലയിലെ നിയന്ത്രണ രേഖയിൽ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തി പാകിസ്ഥാൻ സൈന്യം. പ്രകോപനമില്ലാതെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്നും കുറച്ചുനേരം തുടർന്നെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകൾ വന്നട്ടില്ല. ഉറി സെക്ടറിലും ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകളുണ്ട്.

അതേ സമയം, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. കൂടാതെ ദ്വിദിന സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി. കേന്ദ്ര ധനമന്ത്രി നിർമല സീതാരമനും വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രം​ഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ച ട്രംപ് ആക്രമണത്തിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇന്ത്യക്ക് പൂര്‍ണ്ണമായ പിന്തുണ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നില്‍ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഇന്നലെയാണ് രാജ്യത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ട് ജമ്മു കശ്മീരിലെ പഹൽഗാമില്‍ വന്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചിരുന്നു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചിരുന്നു.

ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതിനോടകം തന്നെ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് രംഗത്ത് വന്നിട്ടുണ്ട്. നിരവധിപ്പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.

Content Highlights: Pakistan Army Violates Ceasefire In Jammu and Kashmir's Poonch

dot image
To advertise here,contact us
dot image