ഷിരൂര്‍ ദൗത്യം: ഡ്രഡ്ജര്‍ ഉടന്‍ എത്തും, ചൊവ്വാഴ്ച ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ യോഗം

കാര്‍വാര്‍ തുറമുഖത്തെത്തുന്ന ഡ്രഡ്ജര്‍ ഷിരൂരിലെത്തിക്കാന്‍ ഏതാണ്ട് 10 മണിക്കൂറോളം വേണ്ടിവരും

dot image

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ ഉടന്‍ പുനരാരംഭിക്കും. ഗോവയില്‍ നിന്നുള്ള ഡ്രഡ്ജര്‍ ചൊവ്വാഴ്ച കാര്‍വാര്‍ തുറമുഖത്തെത്തും. തുടര്‍ന്ന് കാര്‍വാര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ യോഗം ചേരും. ഇതിന് ശേഷമാകും തിരച്ചില്‍ പുനരാരംഭിക്കുക.

കാര്‍വാര്‍ തുറമുഖത്തെത്തുന്ന ഡ്രഡ്ജര്‍ ഷിരൂരിലെത്തിക്കാന്‍ ഏതാണ്ട് 10 മണിക്കൂറോളം വേണ്ടിവരും. ഡ്രഡ്ജറുമായെത്തുന്ന ടഗ് ബോട്ട് ഗംഗാവലി പുഴയ്ക്ക് കുറുകെയുള്ള പാലങ്ങള്‍ കടക്കാന്‍ വേലിയിറക്ക സമയമാണ് അനുകൂലമെന്നതിനാല്‍ ഈ സമയത്താകും ബോട്ട് കടത്തിവിടുക. ഡ്രഡ്ജര്‍ എത്തിയാല്‍ ബുധനാഴ്ച തന്നെ തിരച്ചില്‍ ആരംഭിക്കാമെന്നാണ് കണക്കുകൂട്ടല്‍. മുന്നറിയിപ്പുകള്‍ പ്രകാരം അടുത്തയാഴ്ച കാലാവസ്ഥ അനുകൂലമാകാനാണ് സാധ്യത.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഓഗസ്റ്റ് 16നായിരുന്നു ഷിരൂരില്‍ രക്ഷാദൗത്യം നിര്‍ത്തിവെച്ചത്. തുടര്‍ന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

dot image
To advertise here,contact us
dot image