കാടിനുള്ളിൽ സ്ത്രീയെ മരത്തിൽ ചങ്ങലയ്ക്കിട്ടു; മഴ നനഞ്ഞ് കഴിഞ്ഞത് ദിവസങ്ങൾ, കണ്ടെത്തിയത് ആട്ടിടയൻ

ഇരുമ്പ് ചങ്ങല കൊണ്ട് മരവുമായി ബന്ധിച്ച നിലയിലാണ് സ്ത്രീയെ കാടിനുള്ളിൽ കണ്ടെത്തിയത്

dot image

മുംബൈ: കാടിനുള്ളിൽ മരത്തിൽ ചങ്ങലക്കിട്ട നിലയിൽ കണ്ടെത്തിയ സ്ത്രീയെ രക്ഷപ്പെടുത്തി പൊലീസ്. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ കാടിനുള്ളിലാണ് സ്ത്രീയെ ഇരുമ്പ് ചങ്ങല കൊണ്ട് മരവുമായി ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ തുടർച്ചയായ മഴ കൊണ്ട് അവശനിലയിലായിരുന്നു ഇവരുണ്ടായിരുന്നത്. ആടിനെ മേയ്ക്കാൻ കാട്ടിലെത്തിയ ആൾ സ്ത്രീയുടെ കരച്ചിൽ കേട്ട് ചെന്ന് നോക്കിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ലളിത കയി എന്ന സ്ത്രീയെയാണ് കാട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഇവരിൽ നിന്ന് നിന്ന് അമേരിക്കൻ പാസ്പോർട്ടിന്റെ ഫോട്ടോകോപ്പി, തമിഴ്നാട് മേൽവിലാസത്തിലുള്ള ആധാർ കാർഡ്, മറ്റ് രേഖകൾ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ശാരീരിക മാനസ്സികാരോഗ്യം കണക്കിലെടുത്ത് കൂടുതൽ ചികിത്സകൾക്കായി ലളിതയെ ഗോവയിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. മാനസ്സിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്. ലളിത ചികിത്സ തേടിയതിന്റെ വിവരങ്ങൾ അവരിൽ നിന്ന് ലഭിച്ചതായും അധികൃതർ പറഞ്ഞു.

ലളിതയുടെ വിസയുടെ കാലാവധി തീർന്നിരിക്കുകയാണ്. ഇവരുടെ നാഷണാലിറ്റി കണ്ടെത്താൻ പൊലീസ് രേഖകൾ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ പത്ത് വർഷമായി ഇവർ ഇന്ത്യയിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. മൊഴി നൽകാൻ പറ്റിയ ആരോഗ്യാവസ്ഥയിലല്ല ലളിത ഇപ്പോഴുള്ളത്. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനാൽ അവർ അവശയാണ്. എത്ര നാളായി ഇവരെ കാട്ടിൽ കെട്ടിയിട്ടിട്ടെന്ന് വ്യക്തമല്ലെന്നും ഭർത്താവാകാം ലളിതയെ കാട്ടിൽ കെട്ടിയിട്ടതെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.

dot image
To advertise here,contact us
dot image