'ബിജെപി നേതാക്കൾ വെള്ളപേപ്പറിൽ ഒപ്പിട്ടുവാങ്ങി'; സന്ദേശ്ഖലി പീഡനം കെട്ടിച്ചമച്ചത്, വെളിപ്പെടുത്തൽ

തന്നെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി നേതാക്കൾ വെള്ളക്കടലാസിൽ തന്റെ ഒപ്പിട്ട് വാങ്ങിയശേഷം പരാതി കെട്ടിച്ചമയ്ക്കുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു.

'ബിജെപി നേതാക്കൾ വെള്ളപേപ്പറിൽ ഒപ്പിട്ടുവാങ്ങി'; സന്ദേശ്ഖലി പീഡനം കെട്ടിച്ചമച്ചത്, വെളിപ്പെടുത്തൽ
dot image

കൊൽക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖലി പീഡനക്കേസ് വ്യാജമെന്ന് വെളിപ്പെടുത്തൽ. പരാതിക്കാരിയായ യുവതി തന്നെയാണ് സംഭവം കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പേരിലുള്ള ബലാത്സംഗക്കേസ് പരാതിക്കാരി പിൻവലിക്കുകയും ചെയ്തു.

തന്നെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി നേതാക്കൾ വെള്ളക്കടലാസിൽ തന്റെ ഒപ്പിട്ട് വാങ്ങിയശേഷം പരാതി കെട്ടിച്ചമയ്ക്കുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. സന്ദേശ്ഖലിയിൽ ബലാത്സംഗമോ ലൈംഗികാതിക്രമമോ നടന്നിട്ടില്ലെന്നും അധികാരിയുടെ നിർദേശപ്രകാരമാണ് സ്ത്രീകൾ പരാതികൾ നൽകിയതെന്നുമുള്ള ബിജെപി നേതാവ് ഗംഗാധർ കോയലിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വഴിത്തിരിവ്.

'ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് പിയാലി ദാസും പ്രവർത്തകരും വീട്ടിലെത്തി എന്നോട് വെള്ളപ്പേപ്പറിൽ ഒപ്പിടാൻ പറഞ്ഞു. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി കൊടുപ്പിക്കുകയായിരുന്നു. ബലാത്സംഗം ചെയ്തതായി ആരോപിക്കുന്ന സ്ത്രീകളുടെ പട്ടികയിൽ ഞാനും ഉണ്ടെന്ന് പിന്നീടാണ് അറിയുന്നത്. വനിതാ നേതാവിനെതിരേ നടപടിയെടുക്കണം.'- യുവതി വീഡിയോയിൽ പറഞ്ഞു. പിയാലി ആസൂത്രണംചെയ്ത പദ്ധതിയിൽ തങ്ങളും ഇരകളായതാണെന്ന് കേസിലെ പരാതിക്കാരായ മറ്റു രണ്ട് യുവതികളും പറഞ്ഞു. പിയാലിക്കെതിരേ രംഗത്തുവന്നതിന് ഭീഷണികൾ നേരിടുന്നുണ്ടെന്നും യുവതികൾ പറഞ്ഞു.

ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സന്ദേശ്ഖലി. തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും അനുയായികളും തങ്ങളെ ബലാത്സംഗം ചെയ്തതായി ആരോപിച്ച് സന്ദേശ്ഖലിയിലെ സ്ത്രീകൾ രംഗത്തെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായി. ഷാജഹാൻ ഷെയ്ഖിനെ ആദ്യം പിന്തുണച്ച തൃണമൂൽ കോൺഗ്രസ് പിന്നീട് ശക്തമായ പ്രതിഷേധത്തെ തുടർന്ന് അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us