
May 25, 2025
05:30 AM
ന്യൂഡൽഹി: ഹേമന്ത് സോറൻ പിൻഗാമിയായി പ്രഖ്യാപിച്ചത് മുതിർന്ന നേതാവും വിശ്വസ്തനുമായ ചംപയ് സോറനെ. അഴിമതിക്കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ചോദ്യം ചെയ്യലിനെ തുടർന്നായിരുന്നു ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ സ്ഥാനം രാജിവച്ചത്. രാജിക്ക് പിന്നാലെ ഇ ഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് ചംപയ് സോറനെ മുഖ്യമന്ത്രിയായി ജെഎംഎം തിരഞ്ഞെടുത്തത്. സോറൻ നിലവിൽ ഗതാഗത മന്ത്രിയാണ്. ജാർഖണ്ഡ് മുക്തി മോർച്ചയുടെ രൂപീകരണകാലത്ത് ഹേമന്ത് സോറൻ്റെ പിതാവ് ഷിബു സോറനൊപ്പം പ്രവർത്തിച്ച മുതിർന്ന നേതാവാണ് ചംപയ് സോറൻ.
ജെഎംഎമ്മിൻ്റെ രൂപീകരണകാലം മുതൽ പ്രതിസന്ധിഘട്ടത്തിലെല്ലാം ഷിബു സോറനും ഹേമന്ത് സോറനും ഒപ്പം ഉറച്ചു നിന്ന വിശ്വസ്തനായാണ് ചംപായ് സോറൻ അറിയപ്പെടുന്നത്. ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്യുമെന്ന സൂചന നേരത്തെ ജെഎംഎം നേതൃത്വത്തിനുണ്ടായിരുന്നു. അതിനാൽ തന്നെ സോറൻ്റെ പിൻഗാമിയായി പങ്കാളി കൽപ്പന സോറനെയാണ് പാർട്ടി ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ഒരു ഉപതിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നതാണ് കൽപ്പനയെ മുഖ്യമന്ത്രിയാക്കുന്നതിന് തടസ്സമായത്. കൽപ്പനയെ മുഖ്യമന്ത്രിയാക്കിയാൽ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന ആശങ്കയും കൂടിയാണ് മുതിർന്ന നേതാവും ഹേമന്ത് സോറൻ്റെ വിശ്വസ്തനുമായ ചംപയ് സോറനെ മുഖ്യമന്ത്രി സ്ഥാനത്തിലേക്ക് വഴി തെളിച്ചത്.
"വരാനിരിക്കുന്നതിനെ നേരിടാൻ ഞങ്ങൾ തയ്യാറാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. എന്നാൽ അവരുടെ ദൗത്യത്തിൽ വിജയിക്കാൻ ഞങ്ങൾ അവരെ അനുവദിക്കില്ല", ചംപയ് സോറൻ ഇന്നലെ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.