വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്ത് തീപിടിത്തം; 25 ബോട്ടുകൾ കത്തിനശിച്ചു

കോടികളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം

dot image

അമരാവതി: വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്ത് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ 25 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. കോടികളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഒന്നിലധികം ഫയർ എഞ്ചിനുകൾ തീയണക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ നാവികസേനയുടെ കപ്പൽ എത്തിയ ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാനായത്.

രാത്രി വൈകിയാണ് മത്സ്യബന്ധന ബോട്ടിൽ തീ പടർന്നതെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണർ രവിശങ്കർ പറഞ്ഞു. "തീ പടരാതിരിക്കാൻ ബോട്ടിനെ ഒഴുക്കിവിട്ടു. എന്നാൽ കാറ്റും വെള്ളത്തിന്റെ ഒഴുക്കും ബോട്ടിനെ ജെട്ടിയിലേക്ക് തിരികെയെത്തിച്ചു. താമസിയാതെ മറ്റ് ബോട്ടുകളും കത്തിനശിച്ചു," അദ്ദേഹം പറഞ്ഞു.

മനഃപൂർവം ബോട്ടിന് തീയിട്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ സംശയിക്കുന്നത്. ഇന്ധന ടാങ്കുകളിൽ തീ പടർന്നതിനെ തുടർന്ന് ചില ബോട്ടുകളിൽ സ്ഫോടനം ഉണ്ടായി. ഇത് സമീപദേശങ്ങളിലുള്ളവരെ പരിഭ്രാന്തിയിലാക്കി. വിശാഖപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

dot image
To advertise here,contact us
dot image