

കൊച്ചി: വ്യാജ വാര്‍ത്ത നല്‍കിയതില്‍ ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി റിപ്പോര്‍ട്ടര്‍ ടി വി. അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, മനോരമ ന്യൂസ്, മീഡിയ വണ്‍, മാതൃഭൂമി ചാനലുകള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. വാര്‍ത്തയുടെ ഉള്ളടക്കം വ്യാജമെന്ന് വക്കീല്‍ നോട്ടീസില്‍ റിപ്പോര്‍ട്ടര്‍ ടിവി ആരോപിച്ചു.
റിപ്പോര്‍ട്ടര്‍ ടിവിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് വ്യാജ വാര്‍ത്ത നല്‍കിയത്. വ്യാജവാര്‍ത്തയില്‍ ചാനലുകള്‍ പരസ്യമായി മാപ്പുപറയണമെന്നും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ആവശ്യപ്പെട്ടു. ഇനി വ്യാജ വാര്‍ത്ത നല്‍കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടര്‍ ടി വി മുന്നറിയിപ്പ് നല്‍കി.
മെസിയുടെ പേരില്‍ പണം പിരിച്ചെന്ന വാര്‍ത്തയില്‍ ഏഷ്യാനെറ്റ് ന്യൂസ് തെളിവ് ഹാജരാക്കണമെന്ന് റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടര്‍ ടി വിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് ഇത്തരം വ്യാജ വാര്‍ത്തകളെന്നും ഏഷ്യാനെറ്റ് സാങ്കല്‍പ്പിക കഥകള്‍ വാര്‍ത്തയാക്കുന്നുവെന്നും ആന്റോ അഗസ്റ്റിന്‍ വിമര്‍ശിച്ചിരുന്നു. ഏഷ്യാനെറ്റ് പറയുന്ന ആയിരം പേരില്‍ ആര്‍ക്കും പേരോ, അഡ്രസ്സോ ഇല്ലേയെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആന്റോ അഗസ്റ്റിന്‍ ചോദിച്ചിരിക്കുന്നത്.
ഔദ്യോഗികമായി അവര്‍ നല്‍കിയ ഒരു പരാതി പോലും ഇല്ലേയെന്നും ചോദിച്ചിട്ടുണ്ട്. ഒരു അന്താരാഷ്ട്ര മത്സരം നടത്താം എന്ന് വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ആളുകളില്‍ നിന്നും പണം പിരിക്കുകയും മത്സരം നടക്കാതിരുന്നപ്പോള്‍ ഒരാള്‍ക്ക് പോലും പരാതിയോ പരിഭവമോ ഇല്ലാതെ പ്രശ്‌നം പരിഹരിക്കുകയും ചെയ്ത മറ്റ് ഏതെങ്കിലും സ്ഥാപനം രാജ്യത്ത് ഉണ്ടാകുമോ എന്നാണ് ഏഷ്യാനെറ്റ് വാര്‍ത്തയിലെ വസ്തുതകളില്ലാത്ത ആരോപണത്തെ ആന്റോ അഗസ്റ്റിന്‍ പരിഹസിച്ചിരിക്കുന്നത്.
Content Highlights: Reporter TV has initiated legal action against five television channels for allegedly publishing fake news