

തിരുവനന്തപുരം: രാജ്മോഹൻ ഉണ്ണിത്താനെതിരെയുള്ള കെപിസിസി യോഗത്തിലെ വിമർശനങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ വീണ്ടും ഉൾപ്പാർട്ടി കലാപം. തനിക്കെതിരെ പറയാനുള്ളത് മുഖത്തുനോക്കി പറയാൻ രാജ്മോഹൻ ഉണ്ണിത്താൻ വെല്ലുവിളിച്ചു. ആരോപണം ഉന്നയിക്കുന്നവർ തൻ്റെ മറുപടിക്ക് യോഗ്യരല്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. തൻ്റെ പ്രതികരണങ്ങൾ ആരെയാണ് അസ്വസ്ഥമാക്കുന്നതെന്ന് മനസിലാവുന്നുണ്ടെന്നും ഡിസിസി ഭാരവാഹികൾ മാത്രം പങ്കെടുത്ത യോഗത്തിലെ വിവരങ്ങൾ എങ്ങനെ പുറത്തുവന്നെന്ന് തനിക്കറിയില്ലന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കഴിഞ്ഞ കെപിസിസി ഭാരവാഹി യോഗത്തിൽ രാജ്മോഹൻ ഉണ്ണിത്താനെതിരെയുണ്ടായ വിമർശനത്തെ തുടർന്നാണ് പുതിയ പോര് പൊട്ടിപ്പുറപ്പെട്ടത്. രാജ് മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണമെന്ന് കാസർഗോഡ് ഡിസിസി അധ്യക്ഷൻ യോഗത്തിൽ ഉയർന്നിരുന്നു. ഉണ്ണിത്താൻ പരസ്യ പ്രസ്താവന തുടർന്നാൽ മറുപടി നൽകുമെന്നും വെല്ലുവിളിയുണ്ടായി. യുഡിഎഫ് കൺവീനറെയും കെപിസിസി അധ്യക്ഷനെയും ഉണ്ണിത്താൻ നേരത്തെ വിമർശിച്ചിരുന്നു.
'നഗ്നമായ യാഥാർത്ഥ്യങ്ങളാണ് ഞാൻ പറയുന്നത്, അതിൽ പലർക്കും അസ്വസ്ഥതയും അസഹിഷ്ണുതയും കാണും. അതൊന്നും ഞാൻ ഒരു തരത്തിലും കാര്യമാക്കുന്നില്ല. ഞാൻ എനിക്ക് പറയാനുളളത് പറയും. എന്നെ വിശ്വസിക്കുന്ന ഒരു ജനസമൂഹം കേരളത്തിലുണ്ട്, അവരൊക്കെ കോൺഗ്രസിനെയും യു.ഡി.എഫിനെയും സ്നേഹിക്കുന്ന ജനസമൂഹമാണ്. കോൺഗ്രസിനകത്ത് അനഭിലഷണീയമായ പ്രവണതകൾ തലപ്പൊക്കുമ്പോഴൊക്കെ ഞാൻ പ്രതികരിച്ചിട്ടുണ്ട്. ഞാൻ മരിക്കുന്നവരെ പ്രതികരിച്ചുകൊണ്ടിരിക്കും.' ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു.
അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്നത് കൊണ്ടാണ് ചിലർ അസ്വസ്ഥരാകുന്നതെന്നും ഉണ്ണിത്താൻ ആരോപിച്ചു. അതേസമയം കെപിസിസി പ്രസിഡന്റ് ആകാനുള്ള തന്റെ ആഗ്രഹം നേരിട്ട് നേതൃത്വത്തെ അറിയിച്ചതാണെന്ന് ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. കെപിസിസി പ്രസിഡൻ്റ് ആവാൻ ആഗ്രഹിക്കുന്ന കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. കോൺഗ്രസ് പ്രസിഡൻ്റിനെയും രാഹുൽ ഗാന്ധിയെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്, ഇനി അവരാണ് തീരുമാനം എടുക്കേണ്ടതെന്നും ഉണ്ണിത്താൻ പറഞ്ഞു.
Content Highlights: Congress MP Rajmohan Unnithan responds sharply to criticism at a KPCC meeting, challenges his critics to confront him directly and reiterates his ambition to become KPCC president.