'ബ്രിങ് ബാക്ക് ബാലറ്റിൻ്റെ' ഇൻസ്റ്റഗ്രാം അക്കൗണ്ട് വിലക്കി: ഹർജിയിൽ മെറ്റയുടെ നിലപാട് തേടി ഡൽഹി ഹൈക്കോടതി

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് സമാധാനപരമായും നിയമാനുസൃതമായും ആവശ്യപ്പെടുന്നതായിരുന്നു അക്കൗണ്ടിലെ ഉള്ളടക്കങ്ങൾ എന്ന് ഹർജിയിൽ വാദം

'ബ്രിങ് ബാക്ക് ബാലറ്റിൻ്റെ' ഇൻസ്റ്റഗ്രാം അക്കൗണ്ട് വിലക്കി: ഹർജിയിൽ മെറ്റയുടെ നിലപാട് തേടി ഡൽഹി ഹൈക്കോടതി
dot image

ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടായ 'ബ്രിങ് ബാക്ക് ബാലറ്റ്' ഇന്ത്യയിൽ ലഭ്യമാകാത്തതിനെതിരായ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെയും മെറ്റയുടെയും നിലപാട് തേടി ഡൽഹി ഹൈക്കോടതി. 'ബ്രിങ് ബാക്ക് ബാലറ്റ് – ഇവിഎം ഹഠാവോ, ദേശ് ബചാവോ' എന്ന മുദ്രാവാക്യവുമായി ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം നടത്താൻ സംഘടന തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് തങ്ങളുടെ 'ബ്രിങ് ബാക്ക് ബാലറ്റ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമല്ലെന്ന് കണ്ടെത്തിയതെന്നാണ് ഹർജിയിൽ പറയുന്നത്.

50,000ത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ട് പൂർണമായി തടഞ്ഞത് ആനുപാതികമല്ലാത്ത നടപടിയാണെന്നും മതിയായ കാരണങ്ങൾ വ്യക്തമാക്കാതെയും മുൻകൂർ അറിയിപ്പ് നൽകാതെയുമാണ് നടപടി സ്വീകരിച്ചതെന്നും ഹർജിക്കാർ ആരോപിച്ചു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് സമാധാനപരമായും നിയമാനുസൃതമായും ആവശ്യപ്പെടുന്നതായിരുന്നു അക്കൗണ്ടിലെ ഉള്ളടക്കങ്ങൾ. 'ഇവിഎം ഹഠാവോ, ദേശ് ബചാവോ' എന്ന മുദ്രാവാക്യത്തിലൂടെ 2026 ഒക്ടോബർ 10ന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സമാധാനപരമായ പ്രതിഷേധത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെക്കുറിച്ച് സെപ്റ്റംബർ 10ന് തന്നെ ഡൽഹി പൊലീസിന് മുൻകൂർ അറിയിപ്പ് നൽകിയിരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാൽ പ്രതിഷേധം നടന്ന ഒക്ടോബർ 10ന് തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്നാണ് ഹർജിയിലെ ആരോപണം. 'ഇന്ത്യയിൽ ഈ അക്കൗണ്ട് ലഭ്യമല്ല. ഈ ഉള്ളടക്കം നിയന്ത്രിക്കണമെന്ന നിയമപരമായ അഭ്യർഥനയോട് ഞങ്ങൾ അനുസൃതമായി പ്രവർത്തിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചത്' എന്ന സന്ദേശമാണ് അക്കൗണ്ട് തുറക്കാൻ ശ്രമിച്ചപ്പോൾ ലഭിച്ചതെന്ന് ഹർജിയിൽ പറയുന്നു. ഭരണഘടനയുടെ 14, 19(1) (a), 19(1 )(b), 19(1)(c), 21 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണ് നടപടിയെന്നാണ് ഹർജിക്കാരുടെ വാദം. വിവരസാങ്കേതികവിദ്യാ നിയമം 2000, അതിന്റെ ചട്ടങ്ങൾ എന്നിവയുടെ ലംഘനവും നടന്നതായി ഹർജിയിൽ ആരോപിക്കുന്നു.

അക്കൗണ്ട് നിയന്ത്രിക്കാൻ ഉത്തരവിട്ടത് ആരാണെന്നോ, ഏത് അധികാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നോ, ഏത് ഉള്ളടക്കത്തിനെതിരെയാണ് നടപടിയെടുത്തതെന്നോ ഇൻസ്റ്റഗ്രാം പ്രദർശിപ്പിച്ച അറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തീരുമാനത്തിനെതിരെ അപ്പീൽ നൽകാനോ എതിർപ്പ് അറിയിക്കാനോ ഉള്ള അവസരവും ലഭിച്ചില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യപരമായ പങ്കാളിത്തം, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് തങ്ങളുടേതെന്നാണ് ഹർജിക്കാരുടെ വാദം. സംഘടനയുടെ 'ബ്രിങ് ബാക്ക് ബാലറ്റ്' പദ്ധതിയുടെ ഭാഗമായി 2026 സെപ്റ്റംബറിലാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചതെന്നും ഹർജിയിൽ പറയുന്നു.
'ബ്രിങ് ബാക്ക് ബാലറ്റിൻ്റെ' അക്കൗണ്ട് കൈകാര്യം ചെയ്യുന്ന മിഷൻ സേവ് കോൺസ്റ്റിറ്റ്യൂഷൻ എന്ന സംഘടനയും സ്ഥാപകനും അഭിഭാഷകനുമായ മെഹ്മൂദ് പ്രാച്ചയുമാണ് ഹർജി നൽകിയത്. നവംബർ ആറിന് കേസ് വീണ്ടും പരിഗണിക്കും.

The Delhi High Court has sought Meta Platforms' response to a petition challenging the withholding of the 'Bring Back Ballot' Instagram account, which advocated the use of paper ballots in elections.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us