

തിരുവനന്തപുരം: തിരക്കേറിയ റോഡിലൂടെ കൊച്ചുകുട്ടിയെക്കൊണ്ട് കാർ ഓടിപ്പിച്ച് അപകടയാത്ര. തിരുവനന്തപുരം കഴക്കൂട്ടം ബൈപ്പാസിലാണ് ഓടുന്ന വാഹനത്തിന്റെ സ്റ്റിയറിങ് കുട്ടി നിയന്ത്രിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. രണ്ടു മുതിർന്ന യാത്രക്കാരുള്ള കാറിലാണ് ഡ്രൈവിങ് സീറ്റിലിരിക്കുന്ന ആളുടെ മടിയിലിരിക്കുന്ന കുട്ടിയെക്കൊണ്ട് അപകടകരമായ രീതിയിൽ കാർ ഓടിപ്പിക്കുന്നത്.
അഞ്ച് വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് കാറിന്റെ സ്റ്റിയറിങ് നിയന്ത്രിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. സമീപത്തുകൂടി മറ്റൊരു വാഹനത്തിൽ യാത്ര ചെയ്ത കൊല്ലം ഇളമ്പൽ സ്വദേശികളാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. തിരക്കേറിയ ഹൈവേയിലൂടെയുള്ള ഈ നിയമലംഘനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.
നെടുമ്പാശ്ശേരിയിൽ 19 വയസ്സുകാരനും ചേരാനല്ലൂരിൽ 17 വയസ്സുകാരനും വണ്ടി ഓടിച്ചുണ്ടായ ദാരുണമായ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റോഡ് സുരക്ഷയെക്കുറിച്ചും ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ചും വലിയ ചർച്ചകളും വിമർശനങ്ങളും നടക്കുന്നതിനിടയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നത്. ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള അലക്ഷ്യമായ ഡ്രൈവിംഗുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും കർശന നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
Content Highlights: A reckless driving incident has come to light in which a young child was allowed to steer a moving car on a busy road. Footage has emerged showing the child controlling the steering wheel of a vehicle traveling along the Kazhakootam bypass in Thiruvananthapuram.