'പ്രതിരോധമാണ് തീര്‍ക്കേണ്ടത്,പച്ചക്കൊടി പൂഴ്ത്തിവെക്കലല്ലെന്ന് ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ'

നാല്‍പതുകളിലെ വിഭജനകാലത്തെ സര്‍വ്വേന്ത്യാ ലീഗിനോട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ ചേര്‍ത്തു പറയുന്ന സംഘപരിവാര്‍ ദുഷ്ടലാക്ക് കേരളമുഖ്യമന്ത്രി തുറന്നു കാട്ടിയെന്ന് നൗഷാദ് അലി പറഞ്ഞു

'പ്രതിരോധമാണ് തീര്‍ക്കേണ്ടത്,പച്ചക്കൊടി പൂഴ്ത്തിവെക്കലല്ലെന്ന് ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ'
dot image

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഒളിയമ്പുമായി കെ പി നൗഷാദ് അലി എംഎല്‍എ. മുസ്‌ലിം ലീഗിന് എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് രാഷ്ട്രീയപരമായാണ് മറുപടി നല്‍കേണ്ടതെന്ന് കെ പി നൗഷാദ് അലി പറഞ്ഞു. ആശയപരമായ പ്രതിരോധമാണ് അവിടെ തീര്‍ക്കേണ്ടതെന്നും പച്ചക്കൊടി പൂഴ്ത്തിവെക്കലല്ലെന്ന് ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ നേരുന്നുവെന്നും നൗഷാദ് അലി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നൗഷാദ് അലിയുടെ പരാമര്‍ശം.

'വയനാട്ടില്‍ ഉയര്‍ന്ന് പറന്ന മുസ്‌ലിം ലീഗിന്റെ കൊടി പാക് പതാകയാണെന്ന തെറ്റിദ്ധാരണ പരത്തി ധ്രുവീകരണമുണ്ടാക്കാന്‍ ബിജെപി വലിയ ശ്രമം നടത്തിയിരുന്നു. ലീഗും പച്ചപ്പതാകയും പിന്നീട് പലപ്പോഴും മോദിയടക്കമുള്ളവരുടെ മോശം പരാമര്‍ശങ്ങള്‍ക്ക് വിധേയമായി. ബിജെപി തുടരുന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന പൊളിറ്റിക്കല്‍ നരേറ്റീവുകളാണ്, രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന തലത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ത്യന്‍എക്‌സ്പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ സ്ഥാപിച്ചത്. നാല്‍പതുകളിലെ വിഭജനകാലത്തെ സര്‍വ്വേന്ത്യാ ലീഗിനോട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ ചേര്‍ത്തു പറയുന്ന സംഘപരിവാര്‍ ദുഷ്ടലാക്ക് കേരളമുഖ്യമന്ത്രി തുറന്നു കാട്ടി', നൗഷാദ് അലി പറഞ്ഞു.

Also Read:

കഴിഞ്ഞ പതിറ്റാണ്ടുകളില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ലീഗ് നല്‍കിയ സംഭാവനകള്‍ക്ക് അടിവരയിട്ടെന്നും നൗഷാദ് അലി കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗ് ദുര്‍ബലപ്പെട്ടാലുള്ള അപകടം മുഖ്യമന്ത്രി പറഞ്ഞു വെച്ചത് കേരളീയ പൊതുസമൂഹത്തെ പ്രതിനിധീകരിച്ച് കൊണ്ടാണ്. ലീഗുമായുള്ള കോണ്‍ഗ്രസ് ബന്ധത്തിന് അരനൂറ്റാണ്ടിലേറെ കാലം പഴക്കമുണ്ടെന്ന് വിഡി സതീശന്‍ രാജ്യത്തെ ഓര്‍മ്മിപ്പിച്ചു. മുസ്‌ലിം ലീഗ് കോണ്‍ഗ്രസിന്റെ അനിഷേധ്യ ഘടകകക്ഷിയാണ്. അവര്‍ക്കെതിരെ ഉയരുന്ന വ്യാജ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് രാഷ്ട്രീയമായാണ്. തീര്‍ക്കേണ്ടത് ആശയപരമായ പ്രതിരോധമാണ്. അല്ലാതെ പച്ചക്കൊടി പൂഴ്ത്തി വെക്കലല്ല എന്ന് ബോധ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങളെന്ന് കെ പി നൗഷാദ് അലി പറഞ്ഞു.

മുസ്‌ലിം ലീഗ് ദുര്‍ബലമായാല്‍ കേരളത്തില്‍ ആ ഇടം തീവ്രശക്തികള്‍ പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 1940കളിലെ മുസ്‌ലിം ലീഗല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോള്‍ മതേതര നിലപാടെടുത്ത് അവര്‍ തീവ്രവാദ സംഘടനകളെ തടയുകയാണ്. എല്ലാ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കും വന്‍തോതില്‍ ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ അഞ്ച് ദശകമായി ഇവര്‍ കോണ്‍ഗ്രസിനൊപ്പമാണ്. ഏകോപിച്ചാണ് ഞങ്ങള്‍ തീരുമാനമെടുക്കുന്നത്', എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.


Content Highlights: KP Noushad Ali MLA makes an indirect remark about the Congress high command, saying allegations against the Muslim League should be addressed with a political response

dot image
To advertise here,contact us
dot image