

കൊച്ചി: വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ള ആറുപേരാണ് തങ്ങളെന്നും ഒരു വ്യക്തിയുടെ അഭിപ്രായം എങ്ങനെയാണ് പെട്ടെന്ന് കുടുംബത്തിന്റെ പ്രത്യയശാസ്ത്രമായി മാറുന്നതെന്നും അഹാന കൃഷ്ണ. കേരളത്തെക്കുറിച്ച് വിദ്വേഷ വീഡിയോ പങ്കുവെച്ച യൂട്യൂബറെ പിന്തുണച്ചുള്ള ദിയ കൃഷ്ണയുടെ കമന്റിന് പിന്നാലെ കുടുംബത്തിനെതിരെയും വിമർശനം ശക്തപ്പെടുന്നതിനിടെയാണ് അഹാനയുടെ പ്രതികരണം.
'ഞാന്‍ പറഞ്ഞതോ ചെയ്തതോ ആയ എന്തെങ്കിലും കാര്യത്തില്‍ നിങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍, എന്നോട് തന്നെ അത് പറയണം. എന്റെ പിതാവ് പറഞ്ഞ കാര്യമാണെങ്കില്‍ അദ്ദേഹത്തോടും, എന്റെ അമ്മയോ സഹോദരിമാരോ പറഞ്ഞ കാര്യമാണെങ്കില്‍ അവരോടും നേരിട്ട് ചോദിക്കണം. ഞങ്ങള്‍ ഒരു കുടുംബമാണെങ്കിലും, സ്വന്തമായ ചിന്തകളും ആശയങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉള്ളവരാണ്. ഒരു കുടുംബമായതുകൊണ്ട് ഞങ്ങള്‍ക്ക് എല്ലാവര്ക്കും കൂടി ഒരൊറ്റ അഭിപ്രായമാണെന്നോ, അല്ലെങ്കില്‍ ഓരോരുത്തരും പറയുന്നതിനും ചെയ്യുന്നതിനും കുടുംബം മൊത്തത്തില്‍ ഉത്തരവാദികളാണെന്നോ അര്‍ത്ഥമില്ല', അഹാന പറഞ്ഞു.
വ്യത്യസ്ത അഭിപ്രായമാമെങ്കിലും അത് തങ്ങളുടെ ഐക്യത്തിന് ഒരു തടസ്സവുമല്ലെന്നും എന്ത് സാഹചര്യമുണ്ടായാലും പരസ്പരം പിന്തുണയ്ക്കുകയും, കൂടെ നില്‍ക്കുകയും, ആവശ്യഘട്ടങ്ങളില്‍ ഒപ്പമുണ്ടാകുകയും ചെയ്യുമെന്നും അഹാന വ്യക്തമാക്കി.
പൊതുരംഗത്തുള്ളപ്പോള് വിമര്‍ശനങ്ങളും വിയോജിപ്പുകളും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍, ഒരാളുമായി ബന്ധപ്പെട്ട ഒരു വിഷയം വരുമ്പോള്‍, എന്തിനാണ് മുഴുവന്‍ കുടുംബത്തെയും അതിലേക്ക് വലിച്ചിഴക്കുന്നതെന്നും ഒരാളുടെ അഭിപ്രായം എങ്ങനെയാണ് പെട്ടെന്ന് ഒരു കുടുംബത്തിന്റെ മൊത്തം ആശയമായി മാറുന്നതെന്നും അഹാന കുറിപ്പിലൂടെ ചോദിക്കുന്നു.
'വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് എന്റെ വിവാഹത്തെ വലിച്ചിഴക്കുന്നത് കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. പുരോഗമനവാദത്തെക്കുറിച്ചും യുക്തിചിന്തയെക്കുറിച്ചും വാചാലരാകുന്നവര്‍, തികച്ചും വ്യക്തിപരവും അപ്രസക്തവുമായ ഒരു കാര്യം ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നത് പലതും സൂചിപ്പിക്കുന്നുണ്ട്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതും, ബന്ധമില്ലാത്ത കാര്യങ്ങളെ അതിലേക്ക് വലിച്ചിഴക്കുന്നതും രണ്ടും രണ്ടാണ്. ഈ പ്രവണത ഒറ്റരാത്രികൊണ്ട് മാറില്ലെന്ന് എനിക്കറിയാം. എങ്കിലും ഒരിക്കലെങ്കിലും ഇക്കാര്യം പറയണമെന്ന് തോന്നി. ഒരാളുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും അവരെത്തന്നെ ഉത്തരവാദികളാക്കുന്നതും, അവരുമായി ബന്ധമുള്ള എല്ലാവരെയും അതിന് മറുപടി പറയാന്‍ നിര്‍ബന്ധിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്', അഹാന പറയുന്നു.
തങ്ങള്‍ ഒരു കുടുംബമെന്ന നിലയില്‍ ഒന്നാണ്. എന്നാല്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഓരോരുത്തരും അവരവരുടെ വ്യക്തിത്വങ്ങള്ക്കനുസരിച്ചാണ്. തങ്ങളില്‍ ആരുടെയെങ്കിലും അഭിപ്രായങ്ങളോട് നിങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാം. എന്നാല്‍ ചര്‍ച്ച ആ വ്യക്തിയെക്കുറിച്ചോ അല്ലെങ്കില്‍ കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ചോ മാത്രമാവണം. കുടുംബബന്ധമുള്ള എല്ലാവരെയും ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും താരം വ്യക്തമാക്കി.
Content Highlights: ahana krishna responds to criticism over diya krishna comment controversy