

കൊച്ചി: ഭാര്യയുടെ കമ്പനിക്ക് പൊതുമേഖല സ്ഥാപനങ്ങളുടെ കരാര്‍ തരപ്പെടുത്തി നല്കിയ മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് കുരുക്ക്. മില്‍മ, കേരഫെഡ് എന്നീ കമ്പനികളുമായാണ് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള മിഡ്നൈറ്റ്സ് ആന്‍ഡ് ഗ്ലോബല്‍ എന്ന കമ്പനി കരാറിലേര്‍പ്പെട്ടത്. ഇവയെല്ലാം ടെന്‍ഡര്‍ ഇല്ലാതെ അനധികൃതമായി സംഘടിപ്പിച്ചതാണെന്നാണ് വിജിസന്‍സ് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ ഒപ്പിട്ട ഐഎഎസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ കുരുക്കിലാകും എന്നാണ് വിവരം.
ഭാര്യയുടെ കമ്പനിക്ക് കയറ്റുമതി കരാര്‍ ലഭിക്കാന്‍ ഗണേഷ് കുമാര്‍ ഇടപെട്ടു എന്ന ആരോപണം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് ലഭിച്ച പരാതിയിന്മേലാണ് കോടതി റിപ്പോര്‍ട്ട് അവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണം അവസാനിച്ചതിന് പിന്നാലെ അതിലെ വിവരങ്ങളാണ് കോടതിയില്‍ അറിയിച്ചിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അതില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനാകും കോടതി നിര്‍ദ്ദേശിക്കുക. ടെന്‍ഡര്‍ ഒന്നുമില്ലാതെയാണ് കയറ്റുമതിക്ക് കരാര്‍ നല്‍കിയിരിക്കുന്നത് എന്ന് മൂന്ന് പേജുള്ള വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2024 ലാണ് കരാര്‍ ഒപ്പിടുന്നത്. കേരഫെഡിന്റെ വെളിച്ചെണ്ണ ദുബായിലേക്ക് കയറ്റുമതി ചെയ്യുക. മില്‍മയുടെ പാലും നെയ്യും അടക്കമുള്ള ഉത്പന്നങ്ങള്‍ ഒസ്ട്രേലിയയിലേക്കും ന്യൂസിലന്റിലേക്കും കയറ്റുമതി ചെയ്യുക എന്നിവയായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്.
ഇതിലാണ് യാതൊരു ടെന്‍ഡര്‍ നടപടികളും ഉണ്ടായില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയത്. ക്ഷീര വികസന വകുപ്പില്‍ നിന്നും കാര്‍ഷിക വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് അറിയിച്ച് ഫയലില്‍ എഴുതിയത് മറികടന്നാണ് നടപടികളിലേക്ക് പോയത് എന്നതാണ് ഏറ്റവും പ്രധാനം. ഇത്തരത്തില്‍ വിദേശ കയറ്റുമതിക്ക് വേണ്ടി മില്‍മ നേരത്തെ കരാറുകളില്‍ ഏര്പ്പെട്ടിട്ടേ ഇല്ലെന്നതാണ് ഗൗരവം. ഒരേഒരു കമ്പനി അപേക്ഷിക്കുന്നു അവര്‍ക്ക് ടെന്‍ഡര്‍ നല്കുന്നു എന്നതായിരുന്നു രീതി. 2025 ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ ആറ് ടണ്‍ വെളിച്ചെണ്ണ മിഡ്നൈറ്റ്സ് അന്‍ഡ് ഗ്ലോബല്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. 2025 നവംബര്‍ ആകുമ്പോള്‍ ഏതാണ്ട് 20 ടണ്‍ വെളിച്ചെണ്ണ കൂടി കയറ്റുമതി ചെയ്യ്തിരുന്നു.
ടെന്‍ഡര്‍ നല്കുന്നതില് ഒരോ കമ്പനിക്ക് ഒരോ രീതിയിലാണ് വ്യവസ്തകള്‍ എന്നും കണ്ടെത്തിട്ടുണ്ട്. ഇത് രാഷ്ട്രീയ സ്വാധീനം കൊണ്ട് ഉണ്ടായ ഇളവാണ് എന്നാണ് വിലയിരുത്തല്‍. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ബിന്ദു മേനോനും ഗണേഷ് കുമാറിനുമൊപ്പം മില്‍മയുടേയും കേര ഫെഡിന്റെയും തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ കൂടി പ്രതിയാകാനാണ് സാധ്യത. കേര ഫെഡ് എംഡി ആസിഫ് കെ യൂസഫും പ്രതിയായേക്കും. വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 18ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
Content Highlights: A Vigilance investigation has raised questions over contracts awarded by public sector companies Milma and Kerafed to Midnight’s and Global, a company owned by Bindu Menon, wife of former minister KB Ganesh Kumar. The investigating team reportedly informed the Muvattupuzha Vigilance Court that the contracts were obtained unlawfully without following the tender process. The report could also bring scrutiny on the IAS officer who signed the agreements.