SMA മരുന്ന് വിവാദം: തെറ്റായ പ്രചാരണങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്ന് SAT ആശുപത്രി സൂപ്രണ്ട് ഡോ: റിയാസ്

എസ്എടി ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങളെ തുരങ്കംവയ്ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകരുത്

SMA മരുന്ന് വിവാദം: തെറ്റായ പ്രചാരണങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്ന് SAT ആശുപത്രി സൂപ്രണ്ട് ഡോ: റിയാസ്
dot image

തിരുവനന്തപുരം: എസ്എംഎ ബാധിതര്‍ക്ക് ഗുണനിലവാരമുള്ള മരുന്ന് കുറഞ്ഞ ചെലവില്‍ നല്‍കാനുള്ള ശ്രമത്തെ പിന്നോട്ടടിക്കരുതെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. റിയാസ്. കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും മികച്ച ചികിത്സ ഒരുക്കുന്ന എസ്എടി ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങളെ തുരങ്കംവയ്ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. എസ്എംഎ ബാധിതര്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള വിദേശ മരുന്നിന് പകരം ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് നല്‍കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഈ രംഗത്തെ വിദഗ്ദ്ധ ഉള്‍പ്പെടുന്ന സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണെന്നും ഡോ റിയാസ് പറഞ്ഞു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ നടപടികള്‍ സമയബന്ധിതമായി ഈ സര്‍ക്കാരിന്റെ കാലത്താണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. എല്ലാവിധ നടപടികളും പൂര്‍ത്തിയായെന്ന് വിലയിരുത്തിയ ശേഷമാണ് സുപ്രീംകോടതിയും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയും വില്പനാനുമതി നല്‍കിയത്. ഒരുവര്‍ഷത്തോളമായി പൊതുവിപണിയില്‍ വിറ്റഴിക്കുന്നതും നിരവധി എസ്എംഎ ബാധിതര്‍ കഴിക്കുന്നതുമായ ഈ മരുന്ന് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുമ്പോള്‍ മാത്രം മരുന്ന് പരീക്ഷണമായി മാറരുത്. വസ്തുത ഇതായിരിക്കെ ചിലകേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായ പ്രചാരണങ്ങള്‍ മൂലം എസ്എംഎ ബാധിതര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ ആശങ്കകള്‍ അകറ്റാന്‍ എസ്എടിയിലെ ബന്ധപ്പെട്ട ഡോക്ടര്‍മാരും പ്രതിജ്ഞാബദ്ധരാണ്. നാറ്റ്‌കോ ഫാര്‍മ അധികൃതര്‍, എസ്എടി ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ വാര്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനായി ചെയ്ത സഹായത്തെ തെറ്റായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്നും ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Content Highlights: SAT Hospital Superintendent Dr Riyas defended the decision to provide affordable Indian-made SMA medicine, citing expert recommendations and regulatory approvals

dot image
To advertise here,contact us
dot image