

ദമാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരനും. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ എംബസി രംഗത്തെത്തി. ദമാമിലെ വിമാനത്താവളത്തിലേക്കും അരാംകോയിലെ ഷൈബ എണ്ണപ്പാടത്തേക്കും കഴിഞ്ഞ ദിവസം നടത്തിയ ആക്രമണമടക്കം സൗദി അറേബ്യയിലെ ഊര്‍ജ കേന്ദ്രങ്ങളിലേക്കും പൗരന്മാര്ക്കുമെതിരെ നടത്തുന്ന തുടര്‍ച്ചയായ ആക്രമണത്തെ അപലപിക്കുന്നതായി എംബസി അറിയിച്ചു. ഈ ആക്രമണങ്ങള്‍ ആളുകളുടെ മരണത്തിലേക്ക് വരെ നയിക്കുന്നുവെന്നും എംബസി വ്യക്തമാക്കി.
'ദമാം വിമാനത്താവളത്തിലെ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷൈബ എണ്ണപ്പാടത്ത് നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടേ. റിയാദിലെ ഇന്ത്യന്‍ എംബസി സൗദി അധികാരികളുമായി ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു', ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
പൗരന്മാര്ക്കും അവിടുത്തെ സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും പെട്ടെന്ന് തന്നെ ആക്രമണങ്ങള്‍ ഇല്ലാതാക്കണമെന്നും എംബസി വ്യക്തമാക്കി. സൗദി അറേബ്യയിലെ പൗരന്മാര്ക്കും സര്ക്കാരിനുമൊം ചേര്‍ന്ന് നില്‍ക്കുന്നുവെന്നും എംബസി അറിയിച്ചു. വൈകുന്നേരമാണ് വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം നടന്നതെന്നാണ് സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (GACA) അറിയിച്ചത്.
അതേസമയം, സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി അടിയന്തര സേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്. ഇറാന് പിന്തുണയുള്ള ഹൂതികള്‍ സൗദി അറേബ്യയ്ക്കെതിരായ ആക്രമണത്തില്‍ കൂടുതലായി ഏര്‍പ്പെട്ടിട്ടുണ്ടെന്നും സിവിലിയന്‍ വിമാനത്താവളങ്ങള്‍ക്കും മറ്റ് നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആക്രമണങ്ങള്‍ പൗരന്മാരുടെ മരണങ്ങള്‍ക്കും യാത്രാ തടസ്സങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു.
Content Highlights: An Indian national was passed away in a Houthi incident at King Fahd International Airport in Dammam, Saudi Arabia