വീതംവെപ്പ് അന്തിമ ഘട്ടത്തില്‍; ധാരണ ആയ ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ നിയമനം പൂര്‍ത്തിയാക്കാന്‍ UDF

നിയമനങ്ങള്‍ ഈ മാസം പൂര്‍ത്തിയാക്കാന്‍ ശ്രമം നടത്തുന്നതിന്റെ ഭാഗമായി മുന്നണിയിലെ അന്തിമ ചര്‍ച്ചകള്‍ നാളെ തിരുവനന്തപുരത്ത് നടക്കും

വീതംവെപ്പ് അന്തിമ ഘട്ടത്തില്‍; ധാരണ ആയ ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ നിയമനം പൂര്‍ത്തിയാക്കാന്‍ UDF
dot image

തിരുവനന്തപുരം: ബോര്‍ഡ് കോര്‍പ്പറേഷന്‍ വീതംവെപ്പ് അന്തിമ ഘട്ടത്തില്‍ എത്തിയതോടെ ധാരണ ആയ ബോര്‍ഡുകളില്‍ നിയമനം നടത്താന്‍ യുഡിഎഫ്. നിയമനങ്ങള്‍ ഈ മാസം പൂര്‍ത്തിയാക്കാന്‍ ശ്രമം നടത്തുന്നതിന്റെ ഭാഗമായി മുന്നണിയിലെ അന്തിമ ചര്‍ച്ചകള്‍ നാളെ തിരുവനന്തപുരത്ത് നടക്കും. പ്രധാന നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ ആശയ വിനിമയം നടത്താനാണ് നീക്കം. നിയമനങ്ങള്‍ക്ക് കെപിസിസി മാനദണ്ഡം തയ്യാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം. മുന്‍ ജനപ്രതിനിധികളെയും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നിയമനം ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്ന ആവശ്യം ശക്തമാണ്.

അതിനിടെ സംസ്ഥാന ഭാരവാഹികള്‍ക്കെല്ലാം നിയമനം ഉറപ്പാക്കുമെന്ന് മുസ്‌ലിംലീഗ് ഭാരവാഹി യോഗത്തില്‍ നേതൃത്വം ഉറപ്പുനല്‍കിയിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാകും പരിഗണന ലഭിക്കുക. 40 മുതല്‍ 50 വരെ ബോര്‍ഡുകള്‍ ലീഗിന് ലഭിക്കും എന്നാണ് കണക്കുകൂട്ടുന്നത്. നൂറോളം ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും ലഭിക്കും. പട്ടിക തയ്യാറാക്കിയതായും നേതൃത്വം അറിയിച്ചു എന്നാണ് വിവരം. ലീഗിന്റെ പട്ടിക തയ്യാറാക്കിയെങ്കിലും ആരൊക്കെയാണ് പട്ടികയില്‍ എന്ന് പുറത്ത് വിട്ടിട്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന എല്ലാ ബോര്‍ഡ് കോര്‍പ്പറേനുകളും ലീഗിന് തന്നെ നല്‍കാനാണ് ധാരണ ആയിരിക്കുന്നത്. ആതോടൊപ്പം കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് കൈവശം വെച്ചിരുന്ന വകുപ്പുകള്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ലീഗും പങ്കിട്ടെടുക്കാനാണ് തീരുമാനം. യൂത്ത് ലീഗിന് രണ്ട് ബോര്‍ഡുകള്‍ നല്‍കുമെന്നാണ് സൂചന. യൂത്ത് ലീഗ് സംസ്ഥാന ട്രെഷറര്‍ ഇസ്മയില്‍ വയനാടിനും ഉപാധ്യക്ഷന്‍ ഫൈസല്‍ തങ്ങള്‍ക്കുമായിരിക്കും ഈ ബോര്‍ഡുകള്‍ നല്‍കുക എന്നാണ് വിവരം.

ഒന്നോ രണ്ടോ ബോര്‍ഡ് കോര്‍പ്പറേഷന്‍ സംബന്ധിച്ചുള്ള തര്‍ക്കം മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. പ്രധാനമായും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പി ജെ ജോസഫിന് ക്യാബിനറ്റ് റാങ്കോടെ ഒരു നിയമനം വേണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ ഇപ്പോഴും അനുകൂലമായ സമീപനമല്ല കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. രണ്ട് ക്യാബിനറ്റ് റാങ്ക് ഇതിനോടകം ജോസഫ് വിഭാഗത്തിന് നല്‍കി കഴിഞ്ഞു. ഇനി മൂന്നാമൊതൊരു ക്യാബിനറ്റ് റാങ്ക് കൂടി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ കഴിയില്ല എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. കൂടാതെ ഒരു കുടുംബത്തില്‍ രണ്ട് പേര്‍ക്ക് ക്യാബിനറ്റ് റാങ്ക് നല്‍കുന്നത് രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കുമെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ക്ക് ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനം നല്‍കേണ്ടതില്ല എന്ന തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ ചില നേതാക്കള്‍ക്ക് വിരുദ്ധാഭിപ്രയമുണ്ട്. ഇത് അടക്കം നാളെ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും. ഭരണം ലഭിച്ച് നാല് മാസം പിന്നിട്ടിട്ടും പല ബോര്‍ഡ് കോര്‍പ്പറേഷനുകളും നാഥനില്ലാ കളരിയായി തുടരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചില ഇടങ്ങളില്‍ എല്‍ഡിഎഫ് നിയമിച്ച ആളുകളാണ് ഭരണമാറ്റത്തിന് ശേഷവും തുടരുന്നത്.

Content Highlights: The UDF is preparing to appoint members to boards and corporations where an agreement has been reached, with efforts underway to complete the process this month. Final discussions among alliance partners are scheduled for tomorrow in Thiruvananthapuram, and the KPCC president is expected to consult key leaders. KPCC has prepared guidelines for the appointments, proposing to exclude those who contested elections as well as former elected representatives. There are also growing demands to convene the KPCC Political Affairs Committee to discuss the appointments.

dot image
To advertise here,contact us
dot image