

ആലപ്പുഴ: വേമ്പനാട് കായലിന് കുറുകെ ആലപ്പുഴ - കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്-നേരേകടവ് പാലത്തെ ചൊല്ലി രാഷ്ട്രീയ വിവാദം. പാലത്തിൽ അവകാശവാദവുമായി യുഡിഎഫ് സര്ക്കാരും എല്ഡിഫും രംഗത്തെത്തി. ഉദ്ഘാടനത്തിന് തൊട്ടുമുന്പ് പദ്ധതിയുടെ നാള്വഴികള് എല്ഡിഎഫ് പുറത്തുവിട്ടു. ഇന്ന് ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് എൽഡിഎഫ് തീരുമാനം. വൈകിട്ട് 5 മണിക്ക് നാട്ടുകാരുമായി ചേർന്ന് ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. പാലത്തിലൂടെ ജനകീയ നടത്തം സംഘടിപ്പിക്കും. എ എം ആരിഫ്, സി കെ ആശ, ദലീമ ജോജോ എന്നിവർ പങ്കെടുക്കും.
മുഖ്യമന്ത്രി വി ഡി സതീശൻ ആണ് ഇന്ന് പാലം ഉദ്ഘാടനം ചെയ്തത്. മന്ത്രി പി കെ ബഷീർ അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടിയിലേക്ക് പദ്ധതിക്ക് തറക്കലിട്ട ജി സുധാകരന് ക്ഷണമുണ്ടായിരുന്നില്ല. മാത്രമല്ല നോട്ടീസില് സുധാകരന്റെ പേരും ചിത്രവുമില്ലെന്നും പരാതി ഉയര്ന്നിരുന്നു. അതിനിടെ പാലത്തിന്റെ പണി പൂര്ത്തിയാക്കാന് കഠിനപ്രയത്നം നടത്തിയത് കെ സി വേണുഗോപാല് ആണെന്ന് ഷാനിമോള് ഉസ്മാന് അവകാശപ്പെട്ടു. മുന് എംഎല്എ എ എം ആരിഫും ഇതിനായി പരിശ്രമം നടത്തി. ഉമ്മന്ചാണ്ടിയുടെ കാലത്താണ് പാലത്തിന്റെ പണി ആരംഭിച്ചതെന്നും ഷാനി മോള് ഉസ്മാന് പറഞ്ഞു. പാലം ഉദ്ഘാടന വേദിയില് ഷാനിമോള് ഉസ്മാന് ആരീഫിനെ കുറിച്ച് പറഞ്ഞ സമയം സദസ്സില് നിന്ന് കൂവല് ഉണ്ടായി.
പാലം പൊതുമരാമത്ത് വകുപ്പ് നേരിട്ട് നിർമ്മിച്ചതാണെന്നും അന്ന് ഈ കിഫ്ബിയും കിഫിയും ഒന്നുമുണ്ടായിരുന്നില്ലെന്നും പികെ ബഷീർ പ്രതികരിച്ചു. പിന്നാലെ മുഹമ്മദ് റിയാസിനോട് താന് അന്നേ ഉദ്ഘാടനം ചെയ്യാം എന്ന് പറഞ്ഞതായിരുന്നു എന്ന് എഎം ആരിഫിന്റെ മറുപടി. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി എന്ന ഷാനിമോളുടെ പരാമർശത്തിന് ഇത് ആയിരങ്ങളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു എന്നും എ എം ആരിഫ് പരോക്ഷമായി മറുപടി നൽകി.
2006ല് വിഎസ് സര്ക്കാര് തുടങ്ങിവെച്ചതാണ് പദ്ധതി. ഉമ്മന്ചാണ്ടി പോലും ആ വഴി പോലും പോയിട്ടില്ല. പദ്ധതി 2017ല് ജീ സുധാകരന് തറക്കല്ലിട്ടു. പതിറ്റാണ്ടുകളായുള്ള എല്ഡിഎഫിന്റെ പ്രയത്നമാണ് പദ്ധതി. ആകാശത്തേക്ക് പൊട്ടിവീണ വിസ്മയമല്ലെന്നും ഒരുപാട് വികസന നായികമാരും നായകന്മാരും വരുന്നുണ്ടെന്നും ആരിഫ് പറഞ്ഞു. ഫ്ലക്സുകള് കൊണ്ട് എത്ര നാള് ജീവിക്കാന് കഴിയുമെന്നും അദ്ദേഹം ചോദിച്ചു. പാലത്തിന്റെ 90% നിര്മാണ പ്രവര്ത്തനങ്ങളും നടന്നത് എല്ഡിഎഫ് സര്ക്കാരിന്റെ കാലത്താണ്. 98.09 കോടി ചെലവഴിച്ചാണ് നിര്മാണം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: The LDF and UDF are staking claims over the Maakekkadavu-Nere Kadavu bridge project, intensifying the political contest over the project.