'മുഖ്യമന്ത്രി ഏകപക്ഷീയമായി മുന്നോട്ട് പോയി'; CPIM കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പിണറായിക്ക് വിമർശനം

വീട്ടില്‍ പോയി പറയാന്‍ പറഞ്ഞത് പോലുള്ള സമീപനം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും വിമർശനം

'മുഖ്യമന്ത്രി ഏകപക്ഷീയമായി മുന്നോട്ട് പോയി'; CPIM കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പിണറായിക്ക് വിമർശനം
dot image

കാസര്‍കോട്: കാസര്‍കോട് സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് വിമര്‍ശനം. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് മുന്നോട്ട് പോയതെന്നാണ് വിമര്‍ശനം. വീട്ടില്‍ പോയി പറയാന്‍ പറഞ്ഞത് പോലുള്ള സമീപനം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി. ഭരണം ഉപയോഗിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. ഭരണത്തില്‍ പാര്‍ട്ടി തകരുകയാണ് ചെയ്തതെന്നും പ്രതിനിധികല്‍ വിമര്‍ശിച്ചു.

തൃക്കരിപ്പൂരിലെ തോല്‍വിക്ക് വര്‍ഗീയ പ്രചരണങ്ങള്‍ മാത്രമല്ല കാരണമെന്നും പരമ്പരാഗത പാര്‍ട്ടി വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടായെന്നും ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്. ശക്തി കേന്ദ്രങ്ങളില്‍ പോലും സംഘടന ദൗര്‍ബല്യം പ്രകടമായെന്നും പയ്യന്നൂരിലെ പ്രശ്‌നങ്ങളും തൃക്കരിപ്പൂരില്‍ ബാധിച്ചെന്നും വിമര്‍ശനമുണ്ട്. തൃക്കരിപ്പൂര്‍, ഉദുമ മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണവും തിരിച്ചടിക്ക് കാരണമായെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിക്കണമെന്ന നിലപാടും യോഗത്തില്‍ ഉയര്‍ന്നു.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ പാര്‍ലമെന്ററി വ്യാമോഹം വര്‍ധിക്കുന്നതായും യുവ നേതാക്കളില്‍ പലരും പാര്‍ട്ടി സ്ഥാനങ്ങളിലെത്താന്‍ അമിത താല്‍പര്യം പ്രകടിപ്പിക്കുന്നതായും വിമര്‍ശനമുയര്‍ന്നു. സ്ഥാനമാനങ്ങള്‍ നേടുന്നതിനായി ചിലര്‍ വളഞ്ഞ വഴികള്‍ തേടുകയാണെന്ന ആരോപണവും യോഗത്തിലുണ്ടായി. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയെയും നേതൃത്വത്തിന്റെ സമീപനങ്ങളെയും ചോദ്യം ചെയ്യുന്ന വിമര്‍ശനങ്ങളാണ് കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്.

തൃക്കരിപ്പൂരിലെ തോല്‍വിക്ക് വര്‍ഗീയ പ്രചരണം കാരണമായെന്ന് പി ജയരാജന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുസ്‌ലിം ലീഗ് വീടുകള്‍ തോറും കയറി വി പി പി മുസ്തഫ വിശ്വാസി അല്ലെന്ന് പ്രചരിപ്പിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ ഇതിനെ ഭാഗികമായെങ്കിലും തള്ളുന്ന നിലപാടാണ് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികള്‍ സ്വീകരിക്കുന്നത്.

Content Highlights: CPI(M) representatives reportedly criticised Pinarayi Vijayan during the party’s expanded district committee meeting in Kasaragod. They alleged that the government and party lacked coordination and that the Chief Minister acted unilaterally. Representatives also argued that remarks such as asking people to raise concerns at home contributed to the election defeat, while the government failed to strengthen the party.

dot image
To advertise here,contact us
dot image