

കൊച്ചി: വിപണി വിലയേക്കാള് അഞ്ചിരട്ടി തുക നല്കി കണ്ണൂരില് അയ്യായിരത്തോളം ഏക്കര് ഭൂമി ഏറ്റെടുത്തതില് ദുരൂഹതയുണ്ടെന്ന ആരോപണത്തില് മറുപടിയുമായി മുന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. വ്യവസായ പാര്ക്ക് ഉള്പ്പെടെ കാല് നൂറ്റാണ്ട് മുന്നോട്ടുള്ള വികസനം മുന്നില് കണ്ടാണ് ഭൂമി ഏറ്റെടുത്തതെന്ന് തോമസ് ഐസക് പറഞ്ഞു. ഇന്ന് ആണെങ്കില് കണ്ണൂര് എയര്പോര്ട്ടിനോട് ചേര്ന്ന് ഭൂമി വാങ്ങാന് സര്ക്കാരിന് എത്രമാത്രം ചെലവ് വരും. കേരളത്തിലെവിടെയെങ്കിലും മുഖ്യമന്ത്രി ഫെയര്വാല്യൂവിന് ഒരു ഏക്കര് സ്ഥലം എടുത്ത് ഞങ്ങളെ നാണിപ്പിക്കട്ടെയെന്നും തോമസ് ഐസക് വെല്ലുവിളിച്ചു.
'ഞാന് ധനമന്ത്രിയായിരുന്ന കാലത്താണ് ഭൂമി ഏറ്റെടുക്കാനുള്ള ആ തീരുമാനം. അവസാന തീരുമാനങ്ങളില് ഒന്നായിരുന്നു അത്. എയര്പോര്ട്ട് വന്ന് നാട് വികസിക്കുമ്പോഴാണ് ഭൂമി എടുക്കുന്നത്. നേരത്തെ ഭൂമിയെടുത്താല് വിലകുറച്ച് ഭൂമി ലഭിക്കും. ഇന്ന് സിയാലിന്റെ അവിടെ ഭൂമി വാങ്ങാന് സര്ക്കാരിന് എന്ത് ചെലവ് വരും? അന്ന് അത്രയും ഭൂമി വാങ്ങിയതിനാല് ഇന്ന് അവിടെ വ്യവസായ പാര്ക്ക് ഉള്പ്പെടെ കൊണ്ടുവരാനാകും. വെറും ഭൂമിയല്ല, ഓരത്ത് കൂടെ എയര്പോര്ട്ടിലേക്കുള്ള റോഡടങ്ങുന്ന പാക്കേജ് ആണ് അത്. ആരുടെയെങ്കിലും ഒക്കെ ഭൂമിയാവില്ലേ വാങ്ങുന്നത്. അതില് സംശയം ഉണ്ടെങ്കില് ഫയലുകളെല്ലാം സര്ക്കാര് പുറത്തുവിടട്ടെ', തോമസ് ഐസക് പറഞ്ഞു. അവിടെ വ്യവസായ പാര്ക്ക് നിലവില് വന്നിട്ടില്ലെങ്കിലും വരുന്നഘട്ടത്തില് ഭൂമിക്കായി ഓടിയാല് ശരിയാവില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. കേന്ദ്രാനുമതി ലഭിക്കാതെയാണ് ഭൂമി ഏറ്റെടുത്തതെന്നാണ് മറ്റൊരു ആരോപണം. എന്നാല് അതില് പിഴവില്ല. അങ്ങനെയാണ് ചെയ്യേണ്ടത്. 25 കാലം മുന്നോട്ടുകണ്ട് കാര്യങ്ങള് ചെയ്യാന് നമുക്ക് ആകാറില്ലെന്നും തോമസ് ഐസക് പറഞ്ഞു.
കിഫ്ബിയില് 40 തസ്തികകള് ആണ് അനുവദിച്ചതെങ്കില് 498 ജീവനക്കാരെ നിയമിച്ചുവെന്ന ആരോപണത്തിലും തോമസ് ഐസക് വിശദീകരണം നല്കി. കിഫ്ബിയില് ഇപ്പോഴും 40 ജീവനക്കാരെയുള്ളൂ. താന് മന്ത്രിയായിരുന്നപ്പോള് ഉണ്ടാക്കിയ പോസ്റ്റുകളാണ് അവ. സിഎംഡി എന്നൊരു സ്ഥാപനമുണ്ട്. അവിടെയാണ് ജീവനക്കാരുള്ളത്. ഓരോ പ്രൊജക്ടും നടപ്പാക്കുമ്പാള് മേല്നോട്ടത്തിന് ഉദ്യോഗസ്ഥരെ എടുക്കും. പ്രൊജക്ട് നടത്തുമ്പോള് ആള് വേണ്ടേ. താല്ക്കാലിക പോസ്റ്റ് ഉണ്ടാക്കേണ്ടതില്ലല്ലോയെന്നായിരുന്നു തോമസ് ഐസക് പ്രതികരിച്ചത്.
പരസ്യത്തിനായി വന് തുക മുടക്കിയെന്ന കണ്ടെത്തതില് കിഫ്ബിയുടെ മൊത്തം ചെലവിന്റെ ചെറിയ ശതമാനം പരസ്യത്തിനായി ചെലവഴിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. മൊത്തം യുഡിഎഫും അവരുടെ പ്രചരണ വിഭാഗവും കിഫ്ബിക്കെതിരെ അപവാദം പ്രചരിപ്പിക്കുമ്പോള് പ്രതിരോധിക്കേണ്ടേയെന്നായിരുന്നു മുന് മന്ത്രിയുടെ ചോദ്യം. അതിന് വേണ്ടി പരസ്യംകൊടുക്കണ്ടേ. ഒരുലക്ഷം കോടിരൂപ പദ്ധതി നടപ്പാക്കുമ്പോള് 103 കോടി പരസ്യത്തിന് നല്കുന്നത് അനിവാര്യമാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പണം ചെലവഴിച്ചില്ലെന്നും മന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതി സംബന്ധിച്ച അന്വേഷണം നടത്തിയ സുധ പിള്ള അധ്യക്ഷയായ സമിതിയെക്കുറിച്ച് സംശയമുണ്ടോയെന്ന ചോദ്യത്തോട് കേരളത്തിന്റെ വികസനത്തിന് വിരുദ്ധമായ യുഡിഎഫ് സര്ക്കാരിനൊപ്പമാണ് കമ്മീഷനും എന്ന് തോമസ് ഐസക് പ്രതികരിച്ചു. കേരളത്തിന്റെ വ്യവസായ വികസനം മറ്റുസംസ്ഥാനങ്ങളുടേതിന് എത്തണമെങ്കില് 10 വര്ഷത്തിനുള്ളില് 2 ലക്ഷം കോടി രൂപയെങ്കിലും പൊതുനിക്ഷേപം വേണം. ബജറ്റില് നിന്നും അത് സാധ്യമല്ല. കേരളം ഇങ്ങനെ പോയാല് പോര. കുതിക്കണം. ബജറ്റിന് പുറത്ത് വായ്പയെടുക്കണം. ഇത് ഭരണഘടനവിരുദ്ധമല്ല എന്നും തോമസ് ഐസക് കൂട്ടിച്ചേര്ത്തു.
Content Highlights: Former Finance Minister Dr. T. M. Thomas Isaac responds to allegations of irregularities in the acquisition of nearly 5,000 acres of land in Kannur at five times the market price