'മാനസിക കരുത്ത് നിര്‍ബന്ധം' -മത്സരത്തിന് മുമ്പുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് രോഹിത് ശര്‍മ

അടുത്തവര്‍ഷത്തെ ഏകിദന ലോകകപ്പിലേക്ക് തയ്യാറെടുത്ത് രോഹിത് ശര്‍മ

'മാനസിക കരുത്ത് നിര്‍ബന്ധം' -മത്സരത്തിന് മുമ്പുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് രോഹിത് ശര്‍മ
dot image

കടുത്ത സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ കളിക്കുന്നതിനെക്കുറിച്ചും, മൈതാനത്തിനകത്തും പുറത്തുമുള്ള ആരാധകരുടെ ബഹളങ്ങള്‍ അവഗണിച്ച് മാനസികമായി കരുത്തോടെയിരിക്കാനും കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്താനുമുള്ള പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യന്‍ ബാറ്റിങ് സൂപ്പര്‍ താരവും ട്വന്റി-20 ലോകകപ്പ് ജേതാവുമായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സംസാരിച്ചു. 'ഫാമിലി ഫുള്‍ ഹൗസ് വിത്ത് രോഹിത് ശര്‍മ്മ' എന്ന തന്റെ ഷോയിലാണ് രോഹിത് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

വിവിധ ഫോര്‍മാറ്റുകളിലായി ഐ.സി.സി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളില്‍ 21 മത്സരങ്ങളിലെ 23 ഇന്നിംഗ്‌സുകളില്‍ നിന്ന് 44.20 ശരാശരിയില്‍ 2 സെഞ്ചുറികളും 2 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 884 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. 137 റണ്‍സാണ് മികച്ച സ്‌കോര്‍. ക്യാപ്റ്റന്‍ എന്ന നിലയിലെ അഞ്ച് ഐ.പി.എല്‍ കിരീടനേട്ടങ്ങളും, ക്യാപ്റ്റനായും ബാറ്ററായും 2024-ലെ ട്വന്റി-20 ലോകകപ്പിലും ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലുമുള്ള നിര്‍ണായക പ്രകടനങ്ങളും കടുത്ത സമ്മര്‍ദ്ദഘട്ടങ്ങളില്‍ 'ഹിറ്റ്മാന്‍' എത്രത്തോളം ശോഭിക്കുന്നു എന്നതിന്റെ തെളിവാണ്.

'ഒരു മത്സരം കളിക്കുന്നതിന് മുന്‍പ് ഞാന്‍ എന്റെ തയ്യാറെടുപ്പുകളില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. അതിനാല്‍ ആര്‍ക്കെങ്കിലും എതിരെ കളിക്കാന്‍ ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍, ഇന്ന് ഞാന്‍ ഗ്രൗണ്ടില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യം തെറ്റിപ്പോകില്ല എന്ന വലിയ ആത്മവിശ്വാസം എനിക്ക് ഉള്ളിലുണ്ടാകും. ആ ഒരു ഉറപ്പ് എപ്പോഴും കാണും. നമ്മള്‍ പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ നന്നായി പഠിച്ചിട്ട് പോകണം എന്ന് പറയുന്നതുപോലെയാണിത്. ചെറുപ്പം മുതലേ എന്നെ സംബന്ധിച്ച് നന്നായി തയ്യാറെടുക്കുക എന്നതായിരുന്നു പ്രധാനം. എതിരാളികള്‍ ആര്, ബൗളര്‍മാര്‍ ആരൊക്കെയാണ്, അവര്‍ എവിടെയാണ് പന്ത് എറിയുന്നത്, എന്നെ പുറത്താക്കാന്‍ അവര്‍ എവിടെയാണ് നോക്കുന്നത് - ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം പഠനമാണ്' -രോഹിത് പറഞ്ഞു.

ഓരോ കളിക്കാരനും കളിയെ സമീപിക്കാനും തയ്യാറെടുക്കാനും തങ്ങളുടേതായ വഴികളുണ്ടെന്നും ഹിറ്റ്മാന്‍ പറഞ്ഞു. 'എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും അവരുടേതായ രീതികളുണ്ടെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. അവര്‍ അവരുടേതായ രീതിയില്‍ തയ്യാറെടുക്കുകയും ചിന്തിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നവരും മുമ്പ് കളിച്ചവരുമെല്ലാം അവരുടേതായ രീതിയില്‍ കളിച്ച്, തയ്യാറെടുത്ത്, രാജ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്‌തോ അതെല്ലാം ചെയ്തിട്ടുണ്ട്. അതിനാല്‍ ഒരു രീതിയും ശരിയോ തെറ്റോ അല്ല, നിങ്ങളുടെ സ്വന്തം വഴി നിങ്ങള്‍ കണ്ടെത്തുക മാത്രമാണ് വേണ്ടത്' രോഹിത് പറഞ്ഞു.

2027 ഏകദിന ലോകകപ്പിന് മുന്നോടിയായി തന്റെ സ്ഥാനത്തെക്കുറിച്ചും ഫിറ്റ്‌നസിനെക്കുറിച്ചും നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും രോഹിത് ശക്തമായി മുന്നോട്ട് കുതിക്കുകയാണ്. ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ് രോഹിത്. 291 ഏകദിനങ്ങളിലെ 283 ഇന്നിംഗ്‌സുകളില്‍ നിന്ന് 49.26 ശരാശരിയില്‍ 35 സെഞ്ചുറികളും 63 അര്‍ദ്ധസെഞ്ചുറികളും ഉള്‍പ്പെടെ 12,120 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.


ഈ വര്‍ഷവും ഏകദിനത്തില്‍ മികച്ച ഫോം അദ്ദേഹം നിലനിര്‍ത്തുന്നുണ്ട്. 12 ഇന്നിംഗ്‌സുകളില്‍ നിന്ന് 50.33 ശരാശരിയിലും 104.67 സ്‌ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ചുറികളും രണ്ട് അര്‍ദ്ധസെഞ്ചുറികളും ഉള്‍പ്പെടെ 604 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട് (മികച്ച സ്‌കോര്‍ 138). വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍, 3 ഇന്നിംഗ്‌സുകളില്‍ നിന്ന് 75.00 ശരാശരിയിലും 115-ലധികം സ്‌ട്രൈക്ക് റേറ്റിലും ഒരു സെഞ്ചുറിയും ഒരു അര്‍ദ്ധസെഞ്ചുറിയും ഉള്‍പ്പെടെ 225 റണ്‍സ് നേടി ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു രോഹിത്.

നവംബര്‍ 4 മുതല്‍ നടക്കുന്ന ന്യൂസീലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ വിദേശ ഏകദിന പരമ്പരയിലും, തുടര്‍ന്ന് ഡിസംബര്‍ 13 മുതല്‍ നാട്ടില്‍ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും വിരാട് കോഹ്ലിക്കൊപ്പം രോഹിത് ശര്‍മ്മയും കളത്തിലിറങ്ങും.

content highlights: 'Mental Strength is Mandatory': Rohit Sharma Highlights Pre-Match Mindset and Preparation

dot image
To advertise here,contact us
dot image