

പത്തനംതിട്ട: മുള പോള് വാള്ട്ട് ആക്കി ജില്ലാ സ്കൂള് കായികമേളയില് ഒന്നാം സ്ഥാനം നേടി പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് ഹയര് സെക്കന്ഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാര്ത്ഥി ഷിന്റോ സൈമണ്. സംസ്ഥാന സ്കൂള് കായികമേളയിലും മെഡല് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷിന്റോ. ഒരു ലക്ഷത്തോളം രൂപ വില വരുന്ന ഫൈബര് പോളുമായി മത്സരിച്ച എതിരാളികളെ തോല്പ്പിച്ചാണ് ഷിന്റോ സൈമണ് ജില്ലാ സ്കൂള് കായികമേളയില് ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാന സ്കൂള് കായികമേളയില് മത്സരിക്കാന് ഷിന്റോ സൈമണ് ഫൈബര് പോള് വാങ്ങി നല്കാന് തീരുമാനിച്ചിരിക്കുകയാണ് സ്കൂള് അധികൃതര്.
പത്തനംതിട്ട കൊടുമണ് സ്റ്റേഡിയത്തില് നടന്ന ജില്ലാ സ്കൂള് കായികമേളയില് ഫൈബര് പോളിന് പകരം മുള ഉപയോഗിച്ചാണ് ഷിന്റോ സൈമണ് പോള് വാള്ട്ട് ഇനത്തില് മത്സരിച്ചത്. ഫൈബര് പോള് ലഭിച്ചാല് സംസ്ഥാന സ്കൂള് കായികമേളയില് പ്രകടനം മെച്ചപ്പെടുത്താന് ആകുമെന്ന് ഷിന്റോ സൈമണ് പറയുന്നത്.
മുള വെട്ടി മൂന്നുദിവസം വെയിലത്ത് ഉണക്കിയെടുത്താണ് മത്സരത്തിന് ഉപയോഗിക്കാന് അനുയോജ്യമാക്കിയത്. കുറിയന്നൂര് എച്ച്എസ്എസ് സ്കൂളിലെ അധ്യാപകരായ ശിവശങ്കറും അമല് സന്തോഷുമാണ് ഷിന്റോ സൈമണ് പ്രോത്സാഹനം നല്കിയത്. തങ്ങളുടെ സ്കൂളില്നിന്ന് പോള് വാള്ട്ട് ഇനത്തില് ആദ്യമായാണ് ഒരു കായികതാരം മത്സരിച്ചതെന്നും സംസ്ഥാന സ്കൂള് കായികമേളയില് പങ്കെടുക്കാന് ഷിന്റോ സൈമണ് ഫൈബര് പോള് വാങ്ങി നല്കുമെന്നും കോഴഞ്ചേരി സെന്റ് തോമസ് ഹയര് സെക്കന്ഡറി സ്കൂള് പ്രിന്സിപ്പല് സുജ സാറ ജോണും അധ്യാപിക ഡാരിന് ഫിലിപ്പും പറഞ്ഞു. മുള ഉപയോഗിച്ച് 2.90 മീറ്ററാണ് ജില്ലാ സ്കൂള് കായികമേളയില് ഷിന്റോ സൈമണ് താണ്ടിയത്. ഫൈബര് പോള് ലഭിച്ചാല് പ്രകടനം 3.30 മീറ്ററിലേക്ക് എത്തിക്കാന് പറ്റും എന്ന് ഷിന്റോ സൈമണ് പറയുന്നു. എല്ലാ പിന്തുണയുമായി മാതാപിതാക്കളും സഹോദരിയും അധ്യാപകരും ഷിന്റോ സൈമണ് ഒപ്പമുണ്ട്.
സ്കൂളില് പോള് ഇല്ലാത്തതുകൊണ്ടാണ് ഷിന്റോ സ്വന്തമായി മുള വെട്ടി പോള് ഉണ്ടാക്കാമെന്ന ആശയത്തിലേക്ക് എത്തുന്നത്. അബിന് വര്ക്കി എംഎല്എയുടെ ഇടപെടലില് ഇപ്പോള് ഫൈബര് പോളില് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷിന്റോ. പുതിയ ഫൈബര് പോള് യുഎസ്എയില് നിന്ന് എത്താന് ആറ് മാസത്തോളം കാലതാമസം ഉള്ളതിനാല് പരിശീലന കേന്ദ്രത്തില് ലഭ്യമായ ഫൈബര് പോളില് പരിശീലനം നടത്താനാണ് തീരുമാനം. അബിന് വര്ക്കി എംഎല്എ ഫൈബര് പോള് വാങ്ങി നല്കാന് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പിന്നാലെ സ്കൂളും നാട്ടുകാരും സമാനമായി സന്നദ്ധത അറിയിച്ച് രംഗത്ത് വരികയായിരുന്നു. ഷിന്റോയെ പോലുള്ള കായിക താരങ്ങള് കേരളത്തിന് അഭിമാനമാണെന്നും ഇവര്ക്ക് പ്രോത്സാഹനം നല്കാന് എന്ത് സഹായം ചെയ്യാനും സന്നദ്ധമാണെന്നും എംഎല്എ റിപ്പോര്ട്ടറിനോട് പറഞ്ഞു.
Content Highlights: Shinto Simon, a Plus One student at St Thomas Higher Secondary School in Kozhencherry, Pathanamthitta, secured first place in pole vault at the district school sports meet using a bamboo pole. He outperformed competitors who used fibre poles costing around Rs 1 lakh. The school authorities have decided to provide him with a fibre pole for the state school sports meet, where he hopes to win a medal.