പത്മകുമാറിന് കുരുക്ക് മുറുകും? പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ കൂടുതല്‍ നടപടിക്ക് സാധ്യത

കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം അത്തരം നടപടികളിലേക്ക് പോയാല്‍ മതിയെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം

പത്മകുമാറിന് കുരുക്ക് മുറുകും? പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ കൂടുതല്‍ നടപടിക്ക് സാധ്യത
dot image

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെ കൂടുതല്‍ നപടിക്ക് സാധ്യത. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നാല്‍ പരിഗണിച്ചേക്കും എന്നാണ് വിവരം. പത്മകുമാറിനായി ഒഴിച്ചിട്ട ജില്ലാ സെക്രട്ടറിയേറ്റിലേക്ക് പുതിയ ആളെ എടുക്കും. ജില്ലാ കമ്മിറ്റിയില്‍ നിന്ന് സ്‌സ്‌പെന്റ് ചെയ്ത സാഹചര്യത്തില്‍ അവിടേയും ആളെ എടുക്കാനാണ് സാധ്യത. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം അത്തരം നടപടികളിലേക്ക് പോയാല്‍ മതിയെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പത്തനംതിട്ട കൂടാതെ കോഴിക്കോടും ഇടുക്കിയിലും വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം നടക്കുന്നുണ്ട്. പിണറായി വിജയന്‍, മുഹമ്മദ് റിയാസ് എന്നിവരെ സംബന്ധിക്കുന്ന ഇഡി കേസ് ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ചയായാകാന്‍ സാധ്യത കുറവാണ്. ജില്ലയിലെ തോല്‍വി ഇഴകീറി പരിശോധിക്കും.

കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം പത്മകുമാറിനെതിരെ തുടര്‍ നടപടി എന്ന തീരുമാനത്തില്‍ നിന്ന് സംസ്ഥാന നേതൃത്വം പിന്നോട്ട് പോകാന്‍ സാധ്യത ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്. എ വിജയരാഘവന്റെ നേതൃത്വത്തിലാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി നിയന്ത്രിക്കുന്നത്. അതേസമയം ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രതിനിധികളില്‍ നിന്ന് ഒന്നടങ്കം പത്മകുമാറിനെതിരായ നടപടി ആവശ്യം ഉയര്‍ന്നാല്‍ അത് പരിഗണിക്കാനുള്ള തീരുമാനം ഉണ്ടായേക്കും. ജില്ലാ കമ്മിറ്റിയിലേക്കും ജില്ലാ സെക്രട്ടറിയേറ്റിലേക്കുമുള്ള ഒഴിവ് നികത്താന്‍ തീരുമാനിക്കുന്നത് പത്മകുമാറിന് പ്രതിസന്ധിയാകും. എ പത്മകുമാര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ പോലും പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് വരാനുള്ള അദ്ദേഹത്തിന്റെ പഴുത് പൂര്‍ണമായും അടയും എന്നതാണ് പ്രതിസന്ധി. 10 അംഗങ്ങളാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലുള്ളത്. ആദ്യ ഘട്ടത്തില്‍ പത്മകുമാറിനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതെ പിന്നീട് എടുക്കാം എന്ന നിലയിലാണ് ഒഴിവ് ഇട്ടിരുന്നത്. ജില്ലാ കമ്മിറ്റി അംഗമെന്ന നിലയില്‍ സസ്‌പെന്‍ഷനിലൂടെ വന്ന ഒഴിവ് നികത്താന്‍ തീരുമാനിച്ചാല്‍ നടപടി ഉണ്ടായില്ലെങ്കില്‍ പോലും പാര്‍ട്ടിക്കുള്ളില്‍ പത്മകുമാറിന് കുരുക്ക് മുറുകും എന്നാണ് റിപ്പോര്‍ട്ട്.

പാര്‍ലമെന്ററി രംഗത്ത് സിപിഐഎമ്മിന് ഏറ്റവും അധികം സംഭാവനകള്‍ നല്‍കാറുള്ള ജില്ലയാണ് കോഴിക്കോട്. എന്നാല്‍ ഇത്തവണ ബേപ്പൂര്‍ ഒഴികെ എല്ലാ മണ്ഡലങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. മലയോര മേഖലയും തീരദേശ മേഖലയും അടക്കം സിപിഐഎമ്മിനെ കൈവിടുന്ന സാഹചര്യം ഉണ്ടായി. ഇക്കാര്യങ്ങളാകും വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ ഇന്ന് ഏറ്റവും അധികം ചര്‍ച്ചയാകുക. സംഘടനാ വീഴ്ചകളില്‍ ഉണ്ടാകേണ്ട തിരുത്തലാകും പ്രതിനിധികളില്‍ നിന്ന് ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ചര്‍ച്ച. കോഴിക്കോട് ചേര്‍ന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഇഡി നീക്കത്തിനെതിരെ പ്രമേയം അടക്കം പാസാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ മുഹമ്മദ് റിയാസിനടക്കം സ്വാധീനമുള്ള ഘടകങ്ങളില്‍ നിന്ന് ചര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് വിവരം.

Content Highlights: The extended CPIM Pathanamthitta district committee may consider further action against former Devaswom Board president A Padmakumar, including possible removal from primary membership if such a demand is raised. A new member is also likely to be inducted into the district secretariat seat left vacant for Padmakumar, while the district committee is expected to conduct a detailed review of the party’s electoral setback.

dot image
To advertise here,contact us
dot image