ക്ഷാമം പുറത്തറിയാതിരിക്കാന്‍ ഇരുമ്പുമറ തീര്‍ക്കുന്നതിന് പകരം ആശുപത്രികളിൽ മരുന്ന് എത്തിക്കണം: പിണറായി വിജയൻ

മരുന്നുക്ഷാമം പുറത്തറിയാതിരിക്കാന്‍ സര്‍ക്കാര്‍ ഇരുമ്പുമറ തീര്‍ക്കുന്നു

ക്ഷാമം പുറത്തറിയാതിരിക്കാന്‍ ഇരുമ്പുമറ തീര്‍ക്കുന്നതിന് പകരം ആശുപത്രികളിൽ മരുന്ന് എത്തിക്കണം: പിണറായി വിജയൻ
Ben Jack
2 min read|28 Sep 2026, 07:09 pm
dot image

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പുറത്തറിയാതിരിക്കാന്‍ സര്‍ക്കാര്‍ ഇരുമ്പുമറ തീര്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രശ്‌നം മറച്ചുവെക്കുന്നതിന് പകരം ആശുപത്രികളില്‍ മരുന്നെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മരുന്ന് ക്ഷാമത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷമാണെന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം.

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച വസ്തുതകള്‍ ശരിവെയ്ക്കുന്നതാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശമെന്നും പൊതുജനാരോഗ്യ മേഖലയെ യുഡിഎഫ് സര്‍ക്കാര്‍ എത്രത്തോളം ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണിതെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴി സമയബന്ധിതമായി മരുന്ന് സംഭരിച്ച് വിതരണം ചെയ്യുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു എന്നതിന്റെ ഔദ്യോഗിക കുറ്റസമ്മതമാണ് ആരോഗ്യവകുപ്പ് ഡയറക്ടറിലൂടെ പുറത്തുവന്നിരിക്കുന്നത്. അപ്പോഴും ​ആശുപത്രി സൂപ്രണ്ടുമാർ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ഇണ്ടാസിറക്കി പ്രതിസന്ധി മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

'ഡിഎംഒമാരും ഡിപിഎംമാരും ഉൾപ്പെടുന്ന ഔദ്യോഗിക ഗ്രൂപ്പിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ ഈ നിർദ്ദേശത്തിൽ ആശുപത്രികളിൽ മരുന്നു പ്രതിസന്ധി രൂക്ഷമാണെന്ന് തുറന്നു സമ്മതിക്കുകയാണ്. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ടിൽ പണമുണ്ടെങ്കിൽ പ്രാദേശികമായി അതുപയോഗിച്ച് സൂപ്രണ്ടുമാർ അടിയന്തരമായി മരുന്നു വാങ്ങണമെന്നും അല്ലാത്തപക്ഷം വലിയ പ്രശ്നമാകുമെന്നുമാണ് ഡയറക്ടർ മുന്നറിയിപ്പ് നൽകുന്നത്. ചികിത്സ തേടിവരുന്ന സാധാരണ ജനങ്ങൾ ഈ പരാതി ഉന്നയിച്ചിരുന്നു. ആശുപത്രികളിൽ അവശ്യമരുന്നുകൾ പോലും ലഭ്യമല്ലെന്ന പരാതി മാധ്യമങ്ങളും റിപ്പോർട്ടു ചെയ്തിരുന്നു. വകുപ്പ് മേധാവിയുടെ ശ്രദ്ധയിലും ഇതു വന്നിട്ടുണ്ട്. പക്ഷെ ആരോഗ്യമന്ത്രി ഇതെല്ലാം പാടേ നിഷേധിക്കുകയാണ്. അടിയന്തിരമായി മരുന്നെത്തിക്കാനാവശ്യമായ ഇടപെടൽ നടത്തുന്നതിനു പകരം കണ്ണടച്ച് ഇരുട്ടാക്കുകയാണ് സർക്കാർ', എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Content Highlights: Pinarayi Vijayan alleges that the government is hiding the acute medicine shortage in state-run hospitals and calls for immediate action to restore medicine supplies

dot image
To advertise here,contact us
dot image