'ജനങ്ങളെ വോട്ടുകുത്താനുള്ള യന്ത്രമായി കാണുന്നു'; ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ സിറോ മലബാർ സഭ

ജനജീവിതത്തെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിക്കുന്ന 7 കരട് വിജ്ഞാനപങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്

'ജനങ്ങളെ വോട്ടുകുത്താനുള്ള യന്ത്രമായി കാണുന്നു'; ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ സിറോ മലബാർ സഭ
dot image

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ മലബാര്‍ സഭ. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ വിജ്ഞാപനം സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് മലയോരവാസികളായ കര്‍ഷകരുടെ ആശങ്ക. പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഏഴാം കരട് വിജ്ഞാപനത്തിലാണ് വിമര്‍ശനം.

മലയോര മേഖലയിലെ ജനങ്ങളെ മനുഷ്യരായി കാണുന്നില്ലെന്നും ജനങ്ങളുടെ അറിവോടെയും സമ്മതത്തോടെയും മാത്രം സര്‍വേ നടത്തണമെന്നും സിറോ മലബാര്‍ സഭ പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു. സുതാര്യത ഉറപ്പുവരുത്തണമെന്നും ഫിസിക്കല്‍ വെരിഫിക്കേഷന്‍ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. ജനജീവിതത്തെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിക്കുന്ന 7 കരട് വിജ്ഞാനപങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. അതില്‍ സാറ്റലൈറ്റ് സര്‍വേയില്‍ അവ്യക്തതയുണ്ടെന്നും തോട്ടം മേഖലകള്‍ വന മേഖലയായി രേഖപ്പെടുത്തിയെന്നും ആരോപിച്ചു. 12 വര്‍ഷമായി ജനങ്ങള്‍ ആശങ്കയില്‍ തുടരുകയാണ്. ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്നും ഇത് തെറ്റാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്നും റവന്യൂ ഭൂമി വനഭൂമിയാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും സഭ ആരോപിച്ചു. സാധാരണക്കാര്‍ക്ക് വായിക്കാവുന്നത് പോലെ വിജ്ഞാപന റിപ്പോര്‍ട്ട് മലയാളത്തില്‍ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു.

'2014 മുതല്‍ 133 വില്ലേജുകളിലെ ആളുകള്‍ നിരന്തരം സമരത്തിനിറങ്ങി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളോട് അവരുടെ ആശങ്കകള്‍ പങ്കുവച്ചു. എന്നിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ല. എന്നിട്ടും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട പൗരന്മാരായി ഇവരെയൊന്നും ആരും പരിഗണിച്ചില്ല. സെപ്റ്റംബര്‍ 25 നാണ് പരാതി നല്‍കാനുള്ള അവസാന തീയതി. ഇതിന് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം', ഫാ ടോം ഓലിക്കരോട്ട് ആവശ്യപ്പെട്ടു.

ഇടുക്കി, വയനാട്, ജില്ലകളിലെ 31 വില്ലേജുകളെ പൂര്‍ണമായും 92 വില്ലേജുകളെ ഭാഗികമായും പരിസ്ഥിതി ലോല മേഖലകളില്‍ നിന്നും ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. ഇത് നടപ്പായാല്‍ കര്‍ഷകര്‍ക്കും ഈ പരിധിക്കുള്ളില്‍ താമസിക്കുന്ന മറ്റുള്ളവര്‍ക്കും സ്വന്തം ഭൂമിയില്‍ എന്തെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തദ്ദേശസ്ഥാപനത്തിന്റേതിനു പുറമേ വനംവകുപ്പിന്റെയും അനുമതി വാങ്ങേണ്ടി വരും. സ്വന്തം മണ്ണില്‍ ഒരു മുറികൂടി പണിയാനോ വീട് പുതുക്കിപ്പണിയാനോ പോലും വനംവകുപ്പിന്റെ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുമെന്നാണ് കര്‍ഷകരുടെ ആശങ്ക. കര്‍ഷകന്റെ സാമ്പത്തിക ഭദ്രതയെയും ഉപജീവനത്തെയും തകര്‍ക്കുന്ന കടുത്ത നിയന്ത്രണമാണിതെന്നാണ് ആരോപണം.

Content Highlights: The Syro-Malabar Church criticised the government over the latest Western Ghats buffer zone draft notification. The Church raised concerns about farmers’ rights, survey transparency and possible restrictions on land use in eco-sensitive areas

dot image
To advertise here,contact us
dot image