ഇഡി കത്തിലെ അന്വേഷണം: നടക്കുന്നത് ഇഡി, മോദി, വിഡി കോക്കസ്; വിമര്‍ശനവുമായി ചിന്ത ജെറോം

പിണറായി വിജയന്‍ എന്ന പൊതുപ്രവര്‍ത്തകനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് എത്ര നാളായി എന്നും ചിന്ത ജെറോം ചോദിച്ചു

ഇഡി കത്തിലെ അന്വേഷണം: നടക്കുന്നത് ഇഡി, മോദി, വിഡി കോക്കസ്; വിമര്‍ശനവുമായി ചിന്ത ജെറോം
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക്ക് കേസിലെ ഇഡി കത്തില്‍ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. മോദി, ഇഡി, വിഡി കോക്കസ് ആണ് നടക്കുന്നതെന്നെന്നായിരുന്നു ചിന്തയുടെ പരിഹാസരൂപേണയുള്ള വിമര്‍ശനം. രണ്ട് ഓപ്ഷനാണ് മോദിയും വിഡിയും മുന്നോട്ട് വെയ്ക്കുന്നത്. ഞങ്ങള്‍ക്കൊപ്പം വരു, അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെയുള്ള ശബ്ദങ്ങളെ നിശബ്ദമാക്കും എന്നതാണ് നിലപാട്. വര്‍ഗീയ വിരുദ്ധ രാഷ്ട്രീയം മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് കരുതുന്നില്ലെന്നും ചിന്ത കുറ്റപ്പെടുത്തി. ബിജെപി അനുകൂല നിലപാടാണ് മുഖ്യമന്ത്രിക്ക്. പിണറായി വിജയന്‍ എന്ന പൊതുപ്രവര്‍ത്തകനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് എത്ര നാളായി. രാജ്യത്തെ ഏറ്റവും ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയന്‍ എന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തെ നശിപ്പിക്കാന്‍ ബിജെപിക്ക് ഒപ്പം യുഡിഎഫ് സര്‍ക്കാര്‍ നില്‍ക്കുന്നു എന്ന വിമര്‍ശനവും ചിന്ത ഉയര്‍ത്തി.

മന്ത്രിമാരുടെ സ്വകാര്യ വിദേശ സന്ദര്‍ശനങ്ങളിലും ഡിവൈഎഫ്‌ഐ നേതാവിന്റെ വിമര്‍ശനമുണ്ടായി. സാധാരണ ആളുകളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനമാണ് മന്ത്രിമാര്‍ സ്വീകരിക്കുന്നതെന്നായിരുന്നു കുറ്റപ്പെടുത്തല്‍. സ്‌പോണ്‍സേര്‍ഡ് യാത്രയെന്ന് ഒരു കൂസലുമില്ലാതെ മുഖ്യമന്ത്രി പറയുന്നു. ദുരൂഹത നിറഞ്ഞ സര്‍ക്കാരായി കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ മാറുന്നു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ സ്വീകരിക്കേണ്ട സമീപനമാണോ ഇവര്‍ സ്വീകരിക്കുന്നതെന്നും ചിന്ത ജെറോം ചോദിച്ചു. സ്‌പോണ്‍സര്‍മാരാല്‍ നയിക്കപ്പെടുന്ന, സ്‌പോണ്‍സര്‍ഷിപ്പുകളില്‍ മുന്നോട്ടു പോകുന്ന സര്‍ക്കാര്‍. ശതകോടീശ്വരന്മാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയുള്ള ഗവണ്‍മെന്റ്. ഇവരുടെ സ്‌പോണ്‍സര്‍മാര്‍ ആരെന്ന് വെളിപ്പെടുത്തണമെന്നും ചിന്ത ആവശ്യപ്പെട്ടു. അത്രത്തോളം വിശാലമനസ്സുള്ള സ്‌പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ സാധാരണക്കാര്‍ക്ക് പവര്‍കട്ടില്‍ ഇന്‍വെര്‍ട്ടര്‍ സ്‌പോണ്‍സര്‍ ചെയ്യിപ്പിക്കാന്‍ കഴിയുമോ എന്ന് പരിഹസിച്ച അവര്‍ ജനങ്ങളെ അധിക്ഷേപിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാരിന്റേതെന്നും വിമര്‍ശിച്ചു.

നീറോ ചക്രവര്‍ത്തിയാണ് മന്ത്രി ഒ ജെ ജനീഷ് എന്നായിരുന്നു ചിന്ത ജെറോമിന്റെ കടന്നാക്രമണം. തന്ത വൈബ് പിടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും റീലാക്‌സേഷനായാണ് ട്രിപ്പ് പോയി വന്നത് എന്നുമുള്ള മന്ത്രിയുടെ പ്രതികരണത്തിലായിരുന്നു ചിന്തയുടെ വിമര്‍ശനം. ജനപ്രതിനിധികള്‍ ആദ്യം പ്രാധാന്യം നല്‍കേണ്ടത് ജനങ്ങളുടെ ആവശ്യത്തിനാണ്. അദ്ദേഹം അങ്ങനെ പ്രതികരിക്കാന്‍ പാടില്ലായിരുന്നു. ട്രിപ്പ് പോയി വരൂ എന്ന പ്രതികരണം നാടൊരു അപകടത്തെ അഭിമുഖീകരിച്ച ദിനത്തിലാണെന്നും ചിന്ത ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തുള്ള കേരള യൂണിവേഴ്‌സിറ്റി കരട് മാര്‍ഗ രേഖയ്‌ക്കെതിരെയും ചിന്ത ജെറോം വിമര്‍ശനമുയര്‍ത്തി. വിദ്യാര്‍ത്ഥികളെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ അതിനായി നീക്കങ്ങള്‍ ആരംഭിച്ചെന്നും അവര്‍ കുറ്റപ്പെടുത്തി. ജീവന്‍ കൊടുത്തും തങ്ങള്‍ അതിനെ പ്രതിരോധിക്കും എന്നും ചിന്താ ജെറോം പറഞ്ഞു.

വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം സംഘപരിവാറിന്റെ കണ്ണിലെ കരടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്യാമ്പസുകളില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതാണ് ക്യാമ്പസിന്റെ അഴക്. 18 വയസ്സ് കഴിഞ്ഞ ഒരാളോട് എന്ത് പറയണം എന്ത് പ്രവര്‍ത്തിക്കണം എന്ന് പറയാന്‍ ഇവര്‍ ആരാണെന്നും സഞ്ജീവ് ചോദിച്ചു. കരടുമായി മുന്നോട്ടു പോയാല്‍ വിസി രാജിവെക്കുന്നത് വരെ സര്‍വകലാശാല ആസ്ഥാനത്ത് സമരം ചെയ്യുമെന്ന മുന്നറിയിപ്പും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി നല്‍കി. വിഷയം വിവാദമായപ്പോള്‍ തങ്ങള്‍ അറിഞ്ഞില്ല എന്നാണ് വിസി പറയുന്നത്. വിസി ഒപ്പിടാതെ സിന്‍ഡിക്കേറ്റില്‍ അജണ്ട വരില്ല. അതുകൊണ്ട് വിസി അറിഞ്ഞിട്ടില്ല എന്ന് പറയുന്നത് കള്ളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവര്‍ ലക്ഷ്യം വെക്കുന്നത് എസ്എഫ്‌ഐയെ ആണ്. ഇത് നടപ്പായാല്‍ മെച്ചം സംഘപരിവാറിനാണന്നും പൊലീസോ പട്ടാളമോ ആരു വന്നാലും എസ്എഫ്‌ഐ നേരിടുമെന്നും സഞ്ജീവ് പറഞ്ഞു.

Content Highlights: DYFI state president Chinta Jerome criticized the government’s decision to announce a preliminary inquiry based on the ED letter in the CMRL-Exalogic case. She alleged that Modi, ED and V D Satheesan are working together politically and claimed that the UDF government is supporting efforts against Pinarayi Vijayan. Chinta also questioned the government’s position on anti-communal politics and described Pinarayi Vijayan as one of the country’s strongest Communist leaders.

dot image
To advertise here,contact us
dot image