അപ്രതീക്ഷിത മഴയില്‍ വിറച്ച് കേരളം; മണ്ണിടിഞ്ഞ് വീണും മലവെള്ളപ്പാച്ചിലിലും 7 മരണം, 3 പേരെ കാണാനില്ല

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്

അപ്രതീക്ഷിത മഴയില്‍ വിറച്ച് കേരളം; മണ്ണിടിഞ്ഞ് വീണും മലവെള്ളപ്പാച്ചിലിലും 7 മരണം, 3 പേരെ കാണാനില്ല
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. ഇതിന്റെ ഫലമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. അതേസമയം കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേരാണ് മരിച്ചത്. കാണാതായ മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കേന്ദ്രകാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തുവിട്ട മുന്നറിയിപ്പ് പ്രകാരം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മൂന്നുമണിക്കൂര്‍ നേരത്തേക്കാണ് ഈ മുന്നറിയിപ്പ്.

ഇന്നലെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ച ഇടുക്കി ജില്ലയില്‍ ഇടവിട്ട് മഴ ശക്തമായി തുടരുകയാണ്. ദേശീയപാതയില്‍ അഞ്ചിടങ്ങളില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. പഴംപള്ളിചാലിലെ ഉരുള്‍പൊട്ടലില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. അഞ്ച് കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ദേവിയാര്‍ പുഴ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇരുമ്പ്പാലംപഴംപള്ളിചാല്‍ റോഡില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. വട്ടവടയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബാലകൃഷ്ണന്‍, ചിന്നു എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ ചികിത്സയിലാണ്.

മലപ്പുറം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. ചോക്കാട് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. തിരൂര്‍ സ്വദേശികളാണ് മരിച്ച രണ്ട് പേരും. ടികെ നഗറില്‍ കാണാതായവരിൽ ഒരു പുരുഷന്റെ മൃതദേഹം കൂടി ലഭിച്ചിട്ടുണ്ട്. കാണാതായ മൂന്ന് പേര്‍ക്കായി വിനോദസഞ്ചാര കേന്ദ്രമായ ടികെ നഗറിന് സമീപം തിരച്ചില്‍ തുടരുകയാണ്.

കോട്ടയം ജില്ലയിലും മലയോര മേഖലയില്‍ വ്യാപക മണ്ണിടിച്ചിലും വെള്ളക്കെട്ടും തുടരുകയാണ്. മീനച്ചിലാര്‍ പലയിടത്തും കരകവിഞ്ഞ് ഒഴുകുകയാണ്. തിടനാട് മേസ്തിരിപ്പടിയിലും തലനാടും വീടുകളില്‍ വെള്ളം കയറി. വാഗമണ്‍-ഈരാറ്റുപേട്ട റോഡില്‍ വ്യാപക മണ്ണിടിച്ചിലുണ്ടായി. മഴയുടെ ശക്തി നിലവില്‍ കുറഞ്ഞിട്ടുണ്ട്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പെരിങ്ങളം സ്വദേശി ജോസഫും വാഗമണ്‍ഈരാറ്റുപേട്ട റോഡില്‍ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് തമിഴ്‌നാട് സ്വദേശി സംഗീതയുമാണ് മരിച്ചത്.

അതേസമയം എറണാകുളത്ത് മിക്കയിടങ്ങളിലും ഒറ്റപ്പെട്ട മഴ ശക്തമാണ്. പുലര്‍ച്ചെ പലയിടത്തും കനത്ത മഴ പെയ്തു. മലയോരമേഖലയില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തുടര്‍ച്ചയായ മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ജലാശയങ്ങളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് നിര്‍ദ്ദേശമുണ്ട്. മരങ്ങള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും സമീപം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. അതിനിടെ, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രാത്രി 8.30 വരെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Content Highlights: Unexpected heavy rain in Kerala has left seven people dead and four missing following landslides and flash floods in different parts of the state.

dot image
To advertise here,contact us
dot image