

തിരുവനന്തപുരം: നേരിയ ആശ്വാസമായി മഴ എത്തിയതോടെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി. വൈദ്യുതി ഉപയോഗത്തില്‍ കുറവുവന്നെന്നും പീക്ക് ടൈം ആവശ്യകത കുറഞ്ഞെന്നും കെഎസ്ഇബി വ്യക്തമാക്കി. ആവശ്യമായ വൈദ്യുതി ലഭിച്ചതോടെ നിയന്ത്രണം ഒഴിവാക്കാനായി. 12.45 വരെയും നിയന്ത്രണം വേണ്ടി വരില്ലെന്ന് കെഎസ്ഇബി അറിയിച്ചു.
ഇന്ന് പരമാവധി കൂടിയ ഉപഭോഗം 4560 മെഗാവാട്ടാണ്. 20 ദിവസത്തിനിടെ നിയന്ത്രണം ഒഴിവായ നാലാം നാളാണിത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഏറ്റവും കുറവ് ഉപഭോഗം രേഖപ്പെടുത്തിയ ദിവസമാണിതെന്നും കെഎസ്ഇബി അറിയിച്ചു.
അതേസമയം, മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു.
ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നതിനെയാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.
Content Highlights: kseb says rain relief helped avoid electricity restrictions in kerala