

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശന് തുറന്ന കത്തുമായി എഴുത്തുകാരി ജെ ദേവിക. അപ്പോയിന്‍മെന്റ് എടുത്ത് മുഖ്യമന്ത്രിയെ കാണാന്‍ ഓഫീസിലെത്തിയതിന്റെ ദുരനുഭവമാണ് ദേവിക പങ്കുവെച്ചിരിക്കുന്നത്. ജനാധിപത്യവാദിയായ ഒരു നേതാവ് അധികാരത്തിലേറുമ്പോള്‍ കച്ചേരിക്കോയ്മയില്‍ അല്പമെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങള്‍ അല്പമെങ്കിലും പേറിയിരുന്നുവെന്നും എന്നാല്‍ തങ്ങളവിടെ കണ്ട കാഴ്ച ശരിക്കും മലയാളിപിതൃമേധാവിത്വത്തിന്റെ അജയ്യതയുടേതായിരുന്നുവെന്നും മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തില്‍ അവര്‍ കുറ്റപ്പെടുത്തി. സ്വന്തം വീട്ടുകാര്യമോ സ്വാര്‍ത്ഥമോ പറയാനല്ല തങ്ങളവിടെ എത്തിയതെന്നും മറിച്ച് മലയാളിസ്ത്രീകളുടെ പ്രത്യേകിച്ചും അവരില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന സ്ത്രീകളുടെ മുഖ്യമായ ഒരു വിഷയം മുറഖ്യമന്ത്രിയുടെ മുന്നില്‍ വയ്ക്കാനാണ് അവിടെ ചെന്നതെന്നും അവര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ തിരക്കുകള്‍ അറിയാവുന്നതുകൊണ്ടുതന്നെ കൃത്യമായി അപ്പോയിന്‍മെന്റ് വഴി കൂടിക്കാഴ്ചാസമയം ചോദിച്ചു വാങ്ങിയിരുന്നു. മറ്റു നേതാക്കളുടെ ശുപാര്‍ശ, കാര്യമായ നെറ്റ്വര്‍ക്കിങ്, ഇതൊന്നും കൂടാതെയാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. പന്ത്രണ്ടു മണിയുടെ അപ്പോയിന്‍മെന്റുമായി എത്തിയിട്ടും കുറേയധികം കാത്തുനില്‍ക്കേണ്ടിവന്നു. എന്നാല്‍ അപ്പോയിന്‍മെന്റില്ലാതെ തന്നെ ഒരുപാട് പേര്‍ മുഖ്യമന്ത്രിയെ കാണുന്നുണ്ടായിരുന്നുവെന്നും ദേവിക കത്തില്‍ പറയുന്നു.
കത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട വിഡിഎസ്
ആദ്യം തന്നെ പറയട്ടെ, ഇത് ഞാനെഴുതുന്നത് കേരളമുഖ്യമന്ത്രിക്കല്ല, വി ഡി സതീശൻ എന്ന ജനാധിപത്യവാദിയായ രാഷ്ട്രീയപ്രവർത്തകനാണ് . ഈ രണ്ടു നിലകളും തമ്മിൽ ഒരന്തരം ഉണ്ടെന്ന വിശ്വാസത്തോടെയാണ് ഇതെഴുതുന്നത്. ഇന്നലെ താങ്കളുടെ ഓഫീസിൽ വന്നതിൻെറ അനുഭവത്തെപ്പറ്റിയാണ് എഴുതുന്നത്. മുഖ്യമന്ത്രിയുടെ കാര്യാലയത്തിൽ ജനാധിപത്യവാദിയായ രാഷ്ട്രീയപ്രവർത്തകനെ കാണാനാകുമെന്ന പ്രതീക്ഷ തന്നെ അമിതമല്ലേ എന്ന് അധികാരസ്ഥാപനങ്ങളുടെ സ്വതഃസിദ്ധമായ യുക്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളെ പരിചയിച്ചിട്ടുള്ള എൻെറ ഉള്ളിലെ സാമൂഹ്യശാസ്ത്രജ്ഞ ചോദിക്കുന്നു. ആ ചോദ്യത്തെ ഞാൻ അവഗണിക്കുന്നില്ല. പക്ഷേ എൻെറ ഉള്ളിൽത്തന്നെ ഇന്നും ജീവിക്കുന്ന, കേരളമെന്ന സ്വപ്നത്തെ നിരന്തരം പിൻതുടരുന്ന, ജനാധിപത്യവാദിയായ പൌര വീണ്ടും എന്നോടു പറയുന്നു – അങ്ങനെയുള്ള പ്രതീക്ഷയെ യാഥാർത്ഥ്യമാക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് നിൻെറ ജീവിതം. താങ്കളുടെ സമയം വളരെയേറെ വിലപ്പെട്ടതും, അതുപോലെ കേരളത്തിലെ സകലപൌരജനങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതുമാണെന്ന തികഞ്ഞ ബോധ്യത്തോടെയാണ് ഞങ്ങൾ -- ആൽത്തിയാ സഹോദരീസംഘത്തിൻെറ അംഗങ്ങൾ -- താങ്കളെ കാണാൻ ഇന്നലെ എത്തിയത്. അതുകൊണ്ടു തന്നെ കൃത്യമായി അപ്പോയിൻമെൻറ് വഴി കൂടിക്കാഴ്ചാസമയം ചോദിച്ചു വാങ്ങിയിരുന്നു. സ്വന്തം വീട്ടുകാര്യമോ സ്വാർത്ഥമോ പറയാനല്ല ഞങ്ങളവിടെ വന്നത് – നേരെമറിച്ച്, മലയാളിസ്ത്രീകളുടെ, പ്രത്യേകിച്ചും അവരിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്ന സ്ത്രീകളുടെ, മുഖ്യമായ ഒരു വിഷയം താങ്കളുടെ മുന്നിൽ വയ്ക്കാനാണ് അവിടെ വന്നത്.
സാധാരണപൌരജനങ്ങളായാണ് ഞങ്ങളവിടെ വന്നതും – അതായത്, മറ്റു നേതാക്കളുടെ ശുപാർശ, കാര്യമായ നെറ്റ്വർക്കിങ്, ഇതൊന്നും കൂടാതെ. ജനാധിപത്യവാദിയായ ഒരു നേതാവ് അധികാരത്തിലേറുമ്പോൾ കച്ചേരിക്കോയ്മയിൽ അല്പമെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങൾ അല്പമെങ്കലിലും പേറിയിരുന്നു – അതും സത്യം തന്നെ. ഞങ്ങളവിടെ കണ്ട കാഴ്ച പക്ഷേ ശരിക്കും മലയാളിപിതൃമേധാവിത്വത്തിൻെറ അജയ്യതയുടേതായിരുന്നു. പന്ത്രണ്ടു മണിയുടെ അപ്പോയിൻറുമായി എത്തിയിട്ടും കുറേയധികം കാത്തുനിൽക്കേണ്ടിവന്നുവെന്നതല്ല പ്രശ്നം – അത്തരം താമസം പ്രതീക്ഷിതം മാത്രമാണ്, വൈദ്യശാലയിലും അധികാരകേന്ദ്രത്തിലും. എന്നാൽ താങ്കളുടെ ശ്രദ്ധയും സമയവും അപ്പോയിൻമെൻറില്ലാതെ തന്നെ പിടിച്ചുപറ്റുന്ന വളരെയേറെപ്പേരെ താങ്കളുടെ മുറിയ്ക്കു പുറത്തുള്ള വല്ലാതെ ഇടുങ്ങിയ ആ ഇടവഴിയിൽ ഞങ്ങൾ കണ്ടു. അവിടേയ്ക്കു തിക്കിത്തിരക്കിയെത്തിയ പുരുഷന്മാരിൽ പലവിധക്കാരുണ്ടായിരുന്നു – മതമേലധികാരികൾ, ഖദർധാരികൾ. അപ്പോയിൻമെൻറെടുത്തു കാത്തു നിന്നവരുടെ മുന്നിലൂടെ അവരെയെല്ലാം സൌഹൃദത്തോടെ താങ്കളുടെ കാവൽക്കാർ അകത്തേയ്ക്കു കയറ്റിവിട്ടു. താങ്കളുടെ സമയത്തിൻെറ വിലയെ മാനിച്ച് സമയം ചോദിച്ചുവാങ്ങി കാത്തുനിന്നവർ, പക്ഷേ, അവഗണിക്കപ്പെട്ടു. മുഖ്യമന്ത്രി പുറപ്പെടാറായി, ഇനി കാണാൻ പറ്റില്ല, വാതിൽക്കൽ നിന്ന യൂനിഫോമിട്ട കാവൽക്കാരൻ ഗമയിൽ ഞങ്ങളോടു പറഞ്ഞു – നിങ്ങൾ അപ്പോയിൻമെൻറ് എടുത്തിട്ടു വരണമായിരുന്നു… ശരിക്കും ഒരു നാടകം കാണുന്ന പ്രതീതിയാണ് എനിക്കുണ്ടായത്.
കേരളരാഷ്ട്രീയമണ്ഡലത്തെ മുഴുവൻ ചുരുക്കിയവതരിപ്പിച്ച നാടകം. മതാധികാരികളും രാഷ്ട്രീയഗുണംപറ്റികളും മറ്റും അധികാരത്തിൻെറ സ്വീകരണമുറിയ്ക്കക്കത്തേയ്ക്കും പുറത്തേയ്ക്കും സുഗമമായി ഇറങ്ങിക്കയറുന്നു. വാതിലിനിപ്പുറത്ത്, ജനസംഖ്യയിലും വോട്ടർപ്പട്ടികയിലും പഞ്ചായത്ത് സംവിധാനങ്ങളിലും ഭൂരിപക്ഷമായ സ്ത്രീകളുടെ പ്രതിനിധികൾ, കേരളത്തിൻെറ പാരിസ്ഥിതികസുസ്ഥിരതയ്ക്കായി പിണറായിഭരണത്തെ ചെറുത്ത പരിസ്ഥിതിസംരക്ഷണ കർമ്മശീലർ. ഇടയ്ക്കുള്ള വാതിലിൽ കാവലായി കറുത്ത യൂനിഫോം ധരിച്ച ആണധികാരം. ആ നാടകം എന്നെ നിശബ്ദയാക്കാത്തതുകൊണ്ട് – അതിനെ അംഗീകരിക്കാൻ പരസ്യമായി, ഉറക്കെ, വിസമ്മതിച്ചതുകൊണ്ടു മാത്രം – ഞങ്ങൾക്ക് വാതിൽ തുറന്നുകിട്ടി. പക്ഷേ താങ്കളുമായി നടന്നത് ആശയവിനിമയമാണെന്ന തോന്നലല്ല എനിക്കുണ്ടായത്. ശല്യക്കാരിപ്പെണ്ണുങ്ങളായ കണക്കാക്കപ്പെടുന്ന കുടുംബാംഗങ്ങളോട് കുടുംബാധികാരികൾ കാട്ടാറുള്ള അസഹത്യത കലർന്ന അനുനയമായിരുന്നു താങ്കളുടെ പ്രതികരണമെന്നാണ് എനിക്കു തോന്നിയത്. അതായത്, താങ്കൾ ഞങ്ങളോട് ചില വാക്കുകൾ പറഞ്ഞുവെന്നത് നേരാണ്, പക്ഷേ ആ വാക്കുകൾ നിശബ്ദതയാണ് ആവശ്യപ്പെട്ടത്. വല്ലാത്ത തിരക്കിലായിരുന്നു താങ്കളെന്നും ഞാൻ കണ്ടു. പക്ഷേ ആ തിരക്കിനിടയിലും പുരുഷന്മാരായ സന്ദർശകർക്കൊപ്പമിരുന്ന് രണ്ടു നിമിഷം അവരെ കേൾക്കാനുള്ള ക്ഷമ താങ്കൾക്കുണ്ടായി. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു പ്രവർത്തിച്ച ഒരു സ്ത്രീയെ ആത്മഹത്യയിലേക്കു തള്ളിവിട്ട തൊഴിലിടസാഹചര്യങ്ങളെപ്പറ്റി പറയാനാണ് ഞങ്ങളവിടെ വന്നത് – മരിച്ചു പോയ ആ യുവതിയുടെ നീതിവിഷയത്തിൻെറ സൂചിമുന കിടക്കുന്നത് അതിലാണ്. അതായത്, മലയാളിസ്ത്രീകളുടെ ഒരു പ്രധാനപ്പെട്ട പൊതുവിഷയം സംസാരിക്കാനാണ് ഞങ്ങൾ സമയം ചോദിച്ചുവാങ്ങി വന്നത്. പക്ഷേ ഞങ്ങളെ കേൾക്കാൻ തീരെ സമയമില്ലായിരുന്നു താങ്കൾക്ക്. താങ്കൾ ഒപ്പമിരുന്നു സംസാരിച്ച മതമേധാവികളുടെ വിഷയങ്ങൾ ചില്ലറയാണെന്നു പറയുന്നില്ല – എന്നാൽ ഞങ്ങളുന്നയിക്കാനിരുന്ന വിഷയത്തിൻെറ ഗൌരവം എന്തായാലും അതിനെക്കാൾ കുറവായിരുന്നില്ല, കുറവാകാൻ സാധ്യമല്ല, കാരണം സ്ത്രീകൾ എന്ന വിഭാഗം പൌരർ കേരളത്തിലെ ഏതൊരു മതവിഭാഗത്തെക്കാൾ, രാഷ്ട്രീയകക്ഷിയെക്കാൾ വലുതാണ്. താങ്കൾക്കു മുന്നേ ഈ മുറിയിലിരുന്ന ആൾ പൌരരെ കാണാൻപോലും കൂട്ടാക്കിയിരുന്നില്ലെന്ന വാസ്തവം താങ്കളുടെ ഈ അവഗണനയെ ലഘൂകരിക്കുന്നുമില്ല. മുഖ്യമന്ത്രിയുമായുള്ള പൌരരുടെ കൂടിക്കാഴ്ചാസമ്പ്രദായത്തെ ജനാധിപത്യവത്ക്കരിക്കാൻ, പ്രത്യേകിച്ച് അതിനുള്ള സാങ്കേതികവിദ്യ സജ്ജമായിരിക്കെ, എന്തുകൊണ്ട് താങ്കൾ മുതിരുന്നില്ല ? ടോക്കൺ സമ്പ്രദായം നടപ്പാക്കിയാൽ എന്താണ് പ്രശ്നം ? അതു നടപ്പിലാക്കാതിരിക്കാൻ ഒരൊറ്റ രാഷ്ട്രീയകാരണമേ ഉള്ളൂ – പഴയ രാജ-പ്രജ ബന്ധത്തിൽ പതഞ്ഞുപൊന്തുന്ന അധികാരരസം നുണയാനുള്ള അവസരം അതോടെ താങ്കളുടെ സഹായികൾക്കെങ്കിലും നഷ്ടമാകുമെന്ന കാരണം. അധികാരവാതിലിനു മുമ്പിലെ ഇടുങ്ങിയ ഇടവഴിയിൽ തിക്കിത്തിരക്കി, ഉന്തിത്തള്ളി, ബുദ്ധിമുട്ടി, സ്വന്തം സമയത്തെ വിലകുറച്ച് കാത്തുനിൽക്കുന്നവർ ശക്തിവിഹീനരായ ആശ്രിത-പ്രജാനിലയിലേക്കു തള്ളപ്പെടുന്നു. വാതിലിനുള്ളിലേക്ക് സുഗമമായ പ്രവേശമുള്ളവർക്കും വാതിൽ കാക്കുന്ന കാവൽക്കാർക്കും രാജകിങ്കരന്മാർക്ക് പകർന്നുകിട്ടുന്ന അധികാരം നുണയാനുള്ള അവസരമുണ്ടാകുന്നു. അതിലെങ്കിലും ഒരു മാറ്റം വരുത്തിയില്ലെങ്കിൽ അധികാരിയായ വി ഡി സതീശൻ ജനാധിപത്യവാദിയായ വി ഡി സതീശനെ മുക്കിക്കളഞ്ഞുവെന്ന് സങ്കടത്തോടെയാണെങ്കിലും സമ്മതിക്കേണ്ടിവരും. എങ്കിലും ഇപ്പോഴും പ്രതീക്ഷയുള്ളതുകൊണ്ടാണ് ഈ കത്തെഴുതുന്നത്. ആശാസമരവേദിയിൽ താങ്കൾ നടത്തിയ നിരീക്ഷണങ്ങളെ ഞാൻ ഇന്നും ഓർമ്മിക്കുന്നു. ആ സമരത്തിൽ ഇടയ്ക്കിടെ വന്നു പ്രസംഗിച്ചു പോയ ആൾ മാത്രമായിരുന്നില്ല, താങ്കൾ -- ആശാത്തൊഴിലാളികൾ പ്രതിഷേധിച്ച ജനാധിപത്യലംഘനത്തെ ആഴത്തിൽ തിരിച്ചറിയുക മാത്രമല്ല, അത് ആഴത്തിൽ ‘തോന്നുക’ കൂടി ചെയ്ത ആളാണ് താങ്കൾ എന്ന് നേരിട്ടറിയാം. ആ വി ഡി സതീശൻ സ്ത്രീകളെ കേൾക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ആശിക്കുന്നു. സ്നേഹബഹുമാനങ്ങളോടെ ജെ ദേവിക.
Content Highlights: Writer J Devika has written an open letter to Kerala Chief Minister V D Satheesan