

പാലക്കാട്: വന്ദേമാതരം ആലപിക്കുന്നതിനെ ചൊല്ലി പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കലഹം. യുഡിഎഫ് - ബിജെപി കൗണ്‍സിലര്‍മാർ തമ്മിലാണ് കലഹമുണ്ടായത്. വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്നതിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കവെ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞതിനെ ചൊല്ലിയാണ് ബഹളമുണ്ടായത്. രണ്ടാമത്തെ തവണയാണ് പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാകുന്നത്.
കഴിഞ്ഞ കൗണ്‍സിലില്‍ വന്ദേമാതരം പൂര്‍ണമായി ചൊല്ലിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ എല്ലാം കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചിരുന്നു. ഇത്തവണ യോഗത്തിനു മുമ്പ്തന്നെ വന്ദേമാതരം പൂര്‍ണമായി ചൊല്ലാനുള്ള ബിജെപി ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം ഒരു യുഡിഎഫ് കൗണ്‍സിലറുടെ ഭാഗത്തുനിന്നും ഉണ്ടായി.
എന്നാല്‍ പ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് നഗരസഭാ അധ്യക്ഷന്‍ സ്മിതേഷ് അറിയിച്ചതിനെ തുടര്‍ന്ന് തര്‍ക്കം ആരംഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ബഹളമുണ്ടാക്കി രംഗത്തുവന്നു. ബഹളം ഒരുപാട് നേരം നീണ്ടുനിന്നതിനെ തുടര്‍ന്ന് പാലക്കാട് മുന്‍സിപ്പാലിറ്റി അധ്യക്ഷന്‍ ഇടപെട്ടുകൊണ്ട് കൗണ്‍സില്‍ യോഗം പിരിച്ചുവിടുകയായിരുന്നു.
Content Highlight : The Palakkad municipality was dissolved following a dispute over the singing of Vande Mataram during a municipal session.