

മലപ്പുറം: ഇതര സംസ്ഥാനക്കാര്‍ക്ക് ഇടയില്‍ വ്യാപകമായി ഉപയോഗിക്കുന്ന മാരക ലഹരി മരുന്നാണ് മലപ്പുറം വളാഞ്ചേരിയില്‍ വില്‍പ്പന നടത്തുന്നതെന്ന് കണ്ടെത്തല്‍. ചെറിയ ബോട്ടിലിന് 1500 മുതല്‍ 2000 വരെ വിലവരുന്ന ഈ ലഹരി ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങള്‍ ലഹരി കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തി. വളാഞ്ചേരിയിലെ പ്രധാന ലഹരി വില്‍പ്പനക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ ചോട്ടു, മുള്‍ജാര്‍, സദ്ദാം എന്നിവരാണെന്നും അന്വഷണങ്ങളില്‍ റിപ്പോര്‍ട്ടര്‍ കണ്ടെത്തി. ഇവരെ കൂടാതെ മറ്റ് സ്ലീപ്പര്‍ വില്‍പ്പനക്കാരും ഉണ്ടെന്നാണ് വിവരം.
ശരീരത്തില്‍ ചെന്നാല്‍ ആളുകള്‍ അതിന് അടിമപ്പെട്ടു പോകുന്ന തരത്തിലുള്ള ലഹരികളാണിതെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ ബിനു കെ ആര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ലഹരി കിട്ടാതെ വരുമ്പോഴും ദേഷ്യം, അപസ്മാരം, ഉറക്കക്കുറവ് തുടങ്ങിയവ ഉണ്ടാകും. ഇത് മാനുഷിക കഴിവുകളെ ഇല്ലാതാക്കുമെന്നും ഡോ ബിനു പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ കൃഷി ചെയ്താണ് ഇത്തരം ലഹരികള്‍ കേരളത്തിലേക്ക് കടത്തി കൊണ്ടുവരുന്നത്. വളാഞ്ചേരി നഗരത്തില്‍ ലഹരി സംഘങ്ങള്‍ക്കുള്ളത് നിരവധി ഹോട്ട്‌സ്‌പോട്ടുകളെന്നും റിപ്പോര്‍ട്ടര്‍ വാര്‍ത്താ സംഘം കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നതിലും എത്തിച്ചു നല്‍കുന്നതിലും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ തുടര്‍ന്ന്, ലഹരി കേന്ദ്രങ്ങളുള്ള കെട്ടിട ഉടമകള്‍ക്ക് നഗരസഭ മുന്നറിയിപ്പ് നല്‍കി. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ നഗരസഭ ഇന്നലെ പരിശോധന നടത്തിയിരുന്നു. കെട്ടിടങ്ങളില്‍ താമസിപ്പിച്ചവരില്‍ രേഖകള്‍ ഇല്ലാത്തവരെ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്.
Content Highlights: Drug trafficking and substance abuse have raised serious concerns in Valanchery, Malappuram, with suspected drug hotspots identified across the town