എസ്എഫ്‌ഐ മാർച്ചിനിടെയുണ്ടായ സംഘർഷം; എം ശിവപ്രസാദ്, പി എസ് സഞ്ജീവ് എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ കേസ്

കണ്ടാല്‍ അറിയാവുന്ന നൂറോളം പേരെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍

എസ്എഫ്‌ഐ മാർച്ചിനിടെയുണ്ടായ സംഘർഷം; എം ശിവപ്രസാദ്, പി എസ് സഞ്ജീവ് എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ കേസ്
dot image

തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് ഉള്‍പ്പെടെയുള്ള എട്ട് പേര്‍ക്കെതിരെയാണ് കേസ്. കണ്ടാല്‍ അറിയാവുന്ന നൂറോളം പേരെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍.

 കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ദേശീയ കായിക ദിനപരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെയാണ് എസ്എഫ്ഐ പ്രവര്‍ത്തകർ പ്രതിഷേധിച്ചത്. ഇതിനെതിരെയാണ് പൊലീസ് നടപടിയുണ്ടായതും പിന്നീടിത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തത്.

പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ലാത്തിച്ചാര്‍ജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടന്‍ മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നും പിണറായി വിജയൻ പറഞ്ഞു. എതിര്‍ശബ്ദങ്ങളെ മര്‍ദ്ദിച്ചൊതുക്കുക എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ സമീപനം.പിന്നില്‍ സര്‍ക്കാരിന്റെ സംഘപരിവാര്‍ വിധേയത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. വിദ്യാര്‍ത്ഥികളെ തല്ലിയൊതുക്കി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

പൊലീസ് നടപടിയിൽ പ്രതികരിച്ച് പി എ മുഹമ്മദ് റിയാസ് എംഎല്‍എയും രംഗത്തെത്തിയിരുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്ന യുവത്വത്തിന്റെ ശബ്ദത്തെ ലാത്തികൊണ്ട് നിശ്ശബ്ദമാക്കാമെന്ന് ആരും കരുതേണ്ടെന്ന് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റെന്നും സ്വന്തം മക്കളുടെ പ്രായമുള്ള വിദ്യാര്‍ത്ഥിനികളെ പോലും വനിതാ പൊലീസുകാരുടെ സാന്നിധ്യമില്ലാതെ ക്രൂരമായി നേരിട്ടത് മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Police have registered a case in connection with clashes that occurred during an SFI march to Kerala University

dot image
To advertise here,contact us
dot image