എൽഡിഎഫ് സിപിഐയുടെ കുഞ്ഞ്, മുന്നണിയെ തകർക്കുന്ന ഒന്നും സിപിഐ ചെയ്യില്ല: ബിനോയ് വിശ്വം

എല്‍ഡിഎഫ് രൂപീകരിക്കാന്‍ വേണ്ടി ഏറ്റവും വലിയ പങ്കുവഹിച്ച പാര്‍ട്ടി സിപിഐ ആണെന്നും ബിനോയ് വിശ്വം പറഞ്ഞു

എൽഡിഎഫ് സിപിഐയുടെ കുഞ്ഞ്, മുന്നണിയെ തകർക്കുന്ന ഒന്നും സിപിഐ ചെയ്യില്ല: ബിനോയ് വിശ്വം
dot image

ന്യൂഡൽഹി: എല്‍ഡിഎഫിനെ തകര്‍ക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും കുഞ്ഞിനെ ഹനിക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എല്‍ഡിഎഫ് രൂപീകരിക്കാന്‍ വേണ്ടി ഏറ്റവും വലിയ പങ്കുവഹിച്ച പാര്‍ട്ടി സിപിഐ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപനേതൃപദവിയില്‍ സിപിഐ ഉന്നിയിച്ച ആവശ്യത്തില്‍ ഉറച്ച് നില്‍ക്കും. പ്രത്യേക ബ്ലോക്കായി ഇരിക്കുമോ എന്നതിനെക്കുറിച്ച് സിപിഐക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃപദവിയിൽ ബിനോയ് വിശ്വം പ്രകടിപ്പിച്ചത് പാര്‍ട്ടിയുടെ ആത്മവിശ്വാസമാണെന്ന് കെ രാജന്‍ എംഎല്‍എ പറഞ്ഞു.സിപിഐ ശരിയായ ആവശ്യമാണ് ഉന്നയിച്ചതെന്നും അക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നും കെ രാജന്‍ പറഞ്ഞു. അര്‍ഹതപ്പെട്ടതാണ് സിപിഐ ചോദിച്ചത്. എല്‍ഡിഎഫിന്റെ സൃഷ്ടി സിപിഐയുടെ കൂടി ത്യാഗത്തിന്റെയും നിശ്ചയത്തിന്റെയും അടിസ്ഥാനത്തിലാണ്. അതുവിട്ട് ഞങ്ങള്‍ പോകുമെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:

ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന സിപിഐയില്‍ വ്യപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കുമെന്നുമായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. താനാണ് കത്ത് നല്‍കേണ്ടതെന്നും സിപിഐഎം നേതാവിന്റെ പേരാകും കത്തിലുണ്ടാകുകയെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയത്. ഇതിനെതിരെ ബിനോയ് വിശ്വമാണ് ആദ്യം വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത് സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. പിണറായി അങ്ങനെ പറയുമെന്ന് വിശ്വസിക്കാനാകുന്നില്ല. പദവി സിപിഐഎമ്മിനാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ല. തര്‍ക്ക വിഷയങ്ങള്‍ തീര്‍ക്കേണ്ടത് ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. പിണറായി വിജയനെതിരെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ മുതിര്‍ന്ന നേതാവാണ് പിണറായി വിജയനെന്നും ഘടകകക്ഷികളെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം എന്നുമായിരുന്നു ഡി രാജ പറഞ്ഞത്. സിപിഐയുടേത് ന്യായമായ ആവശ്യമാണെന്നും പരസ്യപ്രസ്താവനകള്‍ പിണറായി ഒഴിവാക്കണമെന്നും ഡി രാജ പറഞ്ഞിരുന്നു. പിണറായി വിജയന്റെ പ്രതികരണം മുന്നണി മര്യാദയ്ക്ക് ചേരുന്നതല്ലെന്ന് പി പ്രസാദ് എംഎല്‍എയും വിമര്‍ശിച്ചിരുന്നു.

ഇതിനിടെ പിണറായി വിജയനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനവും പ്രസിദ്ധീകരിച്ചു. പിണറായി വിജയന്‍ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തിൽ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മികത ഇല്ലായ്മയുമായി മാത്രമേ കാണാന്‍ കഴിയൂ എന്നുമായിരുന്നു ലേഖനത്തില്‍ പറഞ്ഞത്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയായിരുന്നു ലേഖനമെഴുതിയത്. ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയമായ പൊതുലക്ഷ്യത്തിനുവേണ്ടി രൂപീകരിക്കുന്ന സംവിധാനമാണ് മുന്നണി. താന്‍ തീരുമാനിക്കും എല്ലാം താനാണ് എന്ന ഭാവം മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന് സഹായകരമല്ലെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. പിണറായിയുടെ പ്രസ്താവനയ്ക്ക് എതിരെ സിപിഐഎം കേന്ദ്ര നേതൃത്വവും അതൃപ്തി അറിയിച്ചു. പിണറായിയുടെ പ്രസ്താവന അനവസരത്തിലെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Content Highlights: CPI state secretary Binoy Viswam said the party would not take any action that would weaken the LDF, reaffirming its commitment to the alliance.

dot image
To advertise here,contact us
dot image