

തിരുവനന്തപുരം: ശുദ്ധികലശ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ബിജെപി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത പൊതുയോഗത്തിന് ശേഷം സംഘപരിവാര്‍ നടത്തിയ 'ശുദ്ധീകരണ' ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരായ വെല്ലുവിളിയാണ്. ഖര്‍ഗെയെ പോലൊരു മുതിര്‍ന്ന നേതാവ് പങ്കെടുത്ത വേദിയില്‍ സംഘ്പരിവാര്‍ നടപ്പാക്കിയത് അയിത്തത്തിന്റെ ആധുനിക രൂപമാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
സമത്വത്തിനും മനുഷ്യന്റെ അന്തസിനും വേണ്ടിയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. ചോദ്യങ്ങള്‍ മറുപടി നല്‍കുന്നതിന് പകരം, രാഹുല്‍ ഗാന്ധിക്കെതിരെ പട്ടികജാതി/പട്ടികവര്‍ഗ പീഡനനിരോധന നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് കേസെടുത്തതിലൂടെ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ഭീരുത്വമാണ് വ്യക്തമാകുന്നത്. രാഷ്ടീയ എതിരാളികള്‍ക്കെതിരെ നിയമ സംവിധാനങ്ങളെ ആയുധമാക്കുന്നത് അനുവദിക്കാനാകില്ല. രാജ്യത്ത് അയിത്തവും വിവേചനവും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെക്കുമൊപ്പം കേരള ജനതയും ഉറച്ചുനില്‍ക്കും. ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളെ മതേതര സമൂഹം ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Content Highlights: Kerala Opposition Leader V D Satheesan has criticised the Uttarakhand Police for registering a case against Congress leader Rahul Gandhi.