മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞ കേസ്; ചേന്തി അനിലിനെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്

കേസില്‍ ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു

മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞ കേസ്; ചേന്തി അനിലിനെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില്‍ തടഞ്ഞ് അവഹേളിച്ച സംഭവത്തില്‍ പ്രതിയായ ഡിസിസി മുന്‍ അംഗം ചേന്തി അനിലിനെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്. ചേന്തി അനിലിനെ രാവിലെ 11ന് നേരിട്ട് ഹാജരാക്കാന്‍ ജയില്‍ സുപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചു. പൊലീസിന്റെ അപേക്ഷ കണക്കിലെടുത്താണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. ചേന്തി അനിലിന്റെ കസ്റ്റഡി അപേക്ഷയില്‍ നാളെ വാദം കേട്ട ശേഷം തീരുമാനം എടുക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

കേസില്‍ ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 61 (2) വകുപ്പാണ് ചുമത്തിയത്. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അനിലിന്റെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിച്ച ശേഷമാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതിയുടെ ശബ്ദ പരിശോധന നടത്തണമെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയും നല്‍കിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുണ്ട്. തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. അനിലിന് ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അനില്‍ പറഞ്ഞത്. വഴിയില്‍ വാഹനം നിര്‍ത്തി മുഖ്യമന്ത്രി പുറത്തിറങ്ങുകയായിരുന്നുവെന്നും അനില്‍ പറഞ്ഞിരുന്നു. ഇത് ഖണ്ഡിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ തടഞ്ഞുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അനിലിന് ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം ചേന്തി അനിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ചേന്തി അനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തടഞ്ഞുവെയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. ഇതിന് പിന്നാലെ ചേന്തി അനില്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Content Highlights: court has ordered former DCC member Chenthi Anil, accused in an incident involving VD Satheesan, to appear before the court in person

dot image
To advertise here,contact us
dot image