

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള വമ്പന്‍ പദ്ധതിയുമായി ഹൈദരാബാദ്. ഒന്നര ലക്ഷത്തോളം കാണികളെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അത്യാധുനിക സ്റ്റേഡിയമാണ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്. തെലങ്കാന സര്‍ക്കാരിന്റെ പുതിയ സ്‌പോര്‍ട്‌സ് സിറ്റി വികസന പദ്ധതിയുടെ ഭാഗമായാണ് ഈ ഭീമന്‍ സ്റ്റേഡിയം ഉയരുന്നത്. ഭാരത് ഫ്യൂച്ചര്‍ സിറ്റിയുടെ ഭാഗമായാണ് സ്‌റ്റേഡിയം നിര്‍മിക്കുന്നത്.
ഒരു ലക്ഷത്തില്‍ അധികം കാണികള്‍ക്ക് ഒരേസമയം മത്സരം തത്സമയം കാണാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തില്‍ ഒരുക്കുക. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാള്‍ മികച്ച സൗകര്യങ്ങളും വിസ്തൃതവുമായ കായിക സമുച്ചയം ഒരുക്കുകയാണ് ലക്ഷ്യം. ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറമെ മറ്റ് പ്രൊഫഷണല്‍ കായിക വിനോദങ്ങള്‍ക്കുള്ള അക്കാദമികള്‍, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ സ്റ്റേഡിയങ്ങള്‍, അത്‌ലറ്റുകള്‍ക്കുള്ള അത്യാധുനിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിശാലമായ സ്‌പോര്‍ട്‌സ് സിറ്റിയാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. നിലവില്‍ ഹൈദരാബാദിലെ ഉപ്പലിലുള്ള രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് പ്രധാന അന്താരാഷ്ട്ര മത്സരങ്ങളും ഐപിഎല്‍ പോരാട്ടങ്ങളും നടക്കുന്നത്. 55,000 സീറ്റിംഗ് കപ്പാസിറ്റി മാത്രമാണ് ഇവിടെയുള്ളത്. പുതിയ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതോടെ അന്താരാഷ്ട്ര കായിക ഭൂപടത്തില്‍ ഹൈദരാബാദിന്റെ സ്ഥാനം കൂടുതല്‍ ശക്തമാകും.
അഹമ്മദാബാദിലെ 1.32 ലക്ഷം കാണികളെ ഉള്‍ക്കൊള്ളാവുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാള്‍ വലിയ, 100 ഏക്കറിലധികം വിസ്തൃതിയുള്ള അത്യാധുനിക സ്റ്റേഡിയമാണ് തെലങ്കാന സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നാണ് വിവരം. പദ്ധതിയുടെ തറക്കല്ലിടല്‍ ഡിസംബറില്‍ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നിര്‍വ്വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി ഭാരത് ഫ്യൂച്ചര്‍ സിറ്റിയില്‍ അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാള്‍ ഉയര്‍ന്ന സീറ്റിംഗ് ശേഷി പുതിയ സ്റ്റേഡിയത്തിനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നിര്‍മ്മാണച്ചെലവും അഹമ്മദാബാദ് സ്റ്റേഡിയത്തേക്കാള്‍ കൂടുതലായിരിക്കാനാണ് സാധ്യത. നിര്‍മ്മാണവും പരിപാലനച്ചെലവും ബിസിസിഐ വഹിക്കുമെന്നും, ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നുമാണ് വിവരങ്ങള്‍. ബിസിസിഐയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സംയുക്തമായി കൈകാര്യം ചെയ്യുന്ന മാതൃകയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഔട്ടര്‍ റിംഗ് റോഡ് , നിര്‍ദ്ദിഷ്ട റീജിയണല്‍ റിംഗ് റോഡ്, ഫ്യൂച്ചര്‍ സിറ്റിയിലേക്കുള്ള മെട്രോ വിപുലീകരണം, രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുമായി പുതിയ സ്റ്റേഡിയത്തിന് മികച്ച ഗതാഗത ബന്ധമുണ്ടാകും. ഫ്യൂച്ചര്‍ സിറ്റിയില്‍ നടപ്പിലാക്കുന്ന സ്‌പോര്‍ട്‌സ് സിറ്റി, ടൂറിസം, നെറ്റ്-സീറോ സിറ്റി ആശയങ്ങളുടെ ഭാഗമായിരിക്കും ഈ സമുച്ചയം.
ക്രിക്കറ്റിന് പുറമെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കും വലിയ സംഗീത കച്ചേരികള്‍ക്കും വേദിയാകാന്‍ തക്കവണ്ണമാണ് ഈ സമുച്ചയം രൂപകല്‍പ്പന ചെയ്യുന്നത്. ഹൈദരാബാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് സമാനമായി, വലിയ കോണ്‍ഫറന്‍സുകളും ഇന്റര്‍നാഷണല്‍ ഇവന്റുകളും നടത്താന്‍ സാധിക്കുന്ന സൗകര്യങ്ങളും ഇവിടെ ഒരുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭാരത് ഫ്യൂച്ചര്‍ സിറ്റിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക ഭൗതികസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ യുവ കായികതാരങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും, ഇതിനായി 'യംഗ് ഇന്ത്യ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി' വിദേശ സര്‍വ്വകലാശാലകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
content highlights: New Grand Stadium in Hyderabad Set to Break Narendra Modi Stadium's Record