

കോഴിക്കോട്: ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതുയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി എസ്‌വൈഎസ് നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരം. ഇസ്‌ലാമിക ആഘോഷങ്ങള്‍ക്ക് എല്ലാം ആത്മീയമായ ചില താത്പര്യങ്ങളുണ്ടെന്നും യുവതി യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് അത്തരം താത്പര്യങ്ങള്‍ക്ക് എതിരാണെന്നുമാണ് എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടത്. സമസ്ത കാന്തപുരം വിഭാഗത്തിൻ്റെ മുഖപത്രമായ സിറാജിൽ എഴുതിയ ലേഖനത്തിലാണ് റഹ്‌മത്തുള്ള സഖാഫി എളമരം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ദഫ് പ്രദര്‍ശനം, സ്‌കൗട്ട്, ഫ്‌ളവര്‍ഷോ തുടങ്ങിയ പരിപാടികളുടെ മറവില്‍ ചിലര്‍ പെണ്‍കുട്ടികളെ രംഗത്തിറക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് പണ്ഡിതന്മാര്‍ പ്രത്യേകം പ്രസ്താവന ഇറക്കിയതെന്നാണ് റഹ്‌മത്തുള്ളയുടെ ന്യായീകരണം. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന തീര്‍ത്തും മുസ്ലിം സമുദായത്തോട് അവരുടെ സംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ നല്‍കിയ നിര്‍ദേശം മാത്രമാണെന്നും ലേഖനത്തിലുണ്ട്. അതില്‍ ചിലര്‍ അരിശം കൊള്ളുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ലേഖനത്തില്‍ റഹ്‌മത്തുള്ള പറയുന്നു. 'ജനാധിപത്യമെന്നത് ഒരു ആശയത്തെ അതിന്റെ എല്ലാ തനിമയോടും കൂടി നിലനില്‍ക്കാന്‍ അനുവദിക്കലാണ്. അല്ലാതെ അതിനെ തങ്ങളുടെ ഇഷ്ടാനുസരണം തല്ലിയൊതുക്കലല്ല. മാറ്റങ്ങളും പുരോഗമനങ്ങളും അക്ഷരങ്ങളിലോ പുറംപൂച്ചുകളിലോ അല്ല മറിച്ച് ഒരു സമൂഹത്തിന്റെ ആന്തരികമായ ജീവിത സംസ്‌ക്കാരത്തിലാണ് വികസിക്കേണ്ടത്. സ്വന്തം പ്രസ്ഥാനത്തിന്റെ അച്ചടക്കത്തെയും തനിമയെയും സംരക്ഷിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റം പുരോഗമനമല്ല. മറിച്ച് ജനാധിപത്യത്തെ കുറിച്ചുള്ള വിവരക്കേടും സ്വേച്ഛാധിപത്യ'വുമാണെന്നും റഹ്‌മത്തുള്ള സഖാഫി ലേഖനത്തില്‍ വാദിക്കുന്നുണ്ട്.
'ഓരോ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും മറ്റു വിഷയങ്ങളിലെന്ന പോലെ സ്ത്രീകളുടെ കാര്യത്തിലും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. ആണും പെണ്ണും പ്രകൃതിപരമായി പരസ്പരം ആകര്‍ഷിക്കപ്പെടുന്നവരാണ്, ഇത് മനുഷ്യരില്‍ മാത്രമുള്ളതല്ല. ലൈംഗികതയാണ് ഈ ആകര്‍ഷണത്തിന്റെ പ്രധാന കാരണമായി മനശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യവസ്ഥാപിത കുടുംബമായി ജീവിക്കുന്ന മനുഷ്യര്‍ ഇക്കാര്യത്തില്‍ കൂടുതൽ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും. അതിനാലാണ് ഇസ്‌ലാം ചില പെരുമാറ്റച്ചട്ടങ്ങള്‍ മുന്നോട്ടു വെക്കുന്നു'വെന്നും സഖാഫി ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്.
നേരത്തെ കാന്തപുരം സ്ത്രീകൾ പൊതുവേദിയിൽ വരുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരത്തിൻ്റെ ലേഖനം. സ്ത്രീ വിരുദ്ധ നിലപാട് വിവാദമായെങ്കിലും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടതുകൊണ്ടാണ് ഇസ്‌ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നായിരുന്നു കാന്തപുരം പറഞ്ഞത്. പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം. അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി ഇന്നലെ രംഗത്തെത്തിയിരുന്നു. കാന്തപുരം വീണ്ടും സ്ത്രീ വിരോധം ഛര്‍ദ്ദിച്ചുവെന്നായിരുന്നു ശ്രീമതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. പ്രായാധിക്യത്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാല്‍ കാലം ആയുധിക കേരളത്തിന് മാപ്പ് നല്‍കില്ലെന്നും ശ്രീമതി വിമര്‍ശിച്ചിരുന്നു. ശ്രീമതി പങ്കുവെച്ച പോസ്റ്റിന് താഴെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയിലായിരുന്നു കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവന ഇറക്കിയത്. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും അടക്കം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ 'പ്രദര്‍ശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്ഐ പറഞ്ഞത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്.
Content Highlights: The controversy surrounding Islamic celebrations has intensified following Kanthapuram Aboobacker Musliyar’s remarks against the public display of women during such events. SYS leader Rahmathulla Saqafi Elamaram supported his statement, stressing that Islamic celebrations have spiritual significance and arguing that mixed-gender dancing and similar forms of public celebration are contrary to that purpose