'ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളണം,നിങ്ങളെ വഴിതെറ്റിച്ചതെന്ത്';തളിപ്പറമ്പിൽ അണികളെ പഴിച്ച് പിണറായി വിജയൻ

ടി കെ ഗോവിന്ദനെ പോലെയുള്ള അവസരവാദിയെ സ്വീകരിക്കാന്‍ തയ്യാറായതിനുള്ള പശ്ചാത്താപം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകുമെന്നും പിണറായി വിജയന്‍

'ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളണം,നിങ്ങളെ വഴിതെറ്റിച്ചതെന്ത്';തളിപ്പറമ്പിൽ അണികളെ പഴിച്ച് പിണറായി വിജയൻ
dot image

കണ്ണൂര്‍: തളിപ്പറമ്പിലെ തോല്‍വിയില്‍ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്താണ് നിങ്ങളെ വഴിതെറ്റിച്ചതെന്നും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. പരാജയം ഗൗരവമായി കാണുന്നുവെന്നും ആരെയാണ് നിങ്ങള്‍ വിശ്വാസത്തിലെടുത്തതെന്നും പിണറായി വിജയന്‍ ചോദിച്ചു. നിങ്ങള്‍ ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

'പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ മാത്രമുള്ള വീഴ്ച സംഭവിച്ചോ. താല്‍ക്കാലിക പ്രചാരവേലയില്‍ ആളുകള്‍ വീണു. എല്ലാ വെല്ലുവിളികളെയും നേരിട്ട് കരുത്താര്‍ജിക്കേണ്ട ഘട്ടമാണിത്. ടി കെ ഗോവിന്ദനെ പോലെയുള്ള അവസരവാദിയെ സ്വീകരിക്കാന്‍ തയ്യാറായതിനുള്ള പശ്ചാത്താപം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. എല്ലാ കാലവും ഈ ജയം നിലനില്‍ക്കില്ല. പാര്‍ട്ടി ഏകോപിതമായി നീങ്ങേണ്ട ഘട്ടമാണിത്', പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Also Read:

പരാജയം ലഘൂകരിക്കുന്നില്ലെന്നും കേരളത്തില്‍ ആകെ അടിച്ചുവിട്ട എല്‍ഡിഎഫ് വിരുദ്ധ പ്രചാരണത്തില്‍ പരാജയപ്പെടേണ്ട മണ്ഡലമല്ല തളിപ്പറമ്പെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 2021 വരെയുള്ള തെരഞ്ഞെടുപ്പ് നില അതാണ്. അതില്‍ നിന്ന് 11 ശതമാനം വോട്ട് കുറഞ്ഞു. സാധാരണ തെരഞ്ഞെടുപ്പില്‍ സംഭവിക്കുന്ന തോല്‍വിയല്ല ഇത്. ഏതെല്ലാം തരത്തിലുള്ള പ്രതികൂല സാഹചര്യം വന്നാലും സിപിഐഎമ്മിനും എല്‍ഡിഎഫിനുമൊപ്പം നിലക്കൊള്ളുന്ന ജനങ്ങളുണ്ട്. അവരില്‍ ചിലര്‍ ഇത്തവണ വോട്ട് ചെയ്തില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

'ഏത് പരാജയവും ഗൗരവമായി കാണുന്ന പാര്‍ട്ടിയാണ് സിപിഐഎം. എല്ലാ വിലയിരുത്തലും പാര്‍ട്ടി സ്വീകരിക്കും. ചിലര്‍ക്ക് സ്ഥാനമാനം ഉണ്ടാകാം. അവരുടെ പിന്നാലെ പാര്‍ട്ടി വികാരമുള്ളവര്‍ പോകാറില്ല. പാര്‍ട്ടിയോടൊപ്പം നിന്നവര്‍ എന്തുകൊണ്ടാണ് മാറാന്‍ ഇടയായത്. ആരെയാണ് വിശ്വാസത്തിലെടുത്തത്', പിണറായി വിജയന്‍ ചോദിച്ചു.

Also Read:

ടി കെ ഗോവിന്ദനെ വിമര്‍ശിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും രംഗത്തെത്തി. ടി കെ ഗോവിന്ദന്‍ തളിപ്പറമ്പിന്റെ ബ്രൂട്ടസാണെന്ന് കെ കെ രാഗേഷ് പറഞ്ഞു. തന്നെ എന്താണ് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കാത്തത് എന്നാണ് ടി കെ ഗോവിന്ദന്‍ ചോദിച്ചതെന്നും അദ്ദേഹം വര്‍ഗ വഞ്ചകനാണെന്നും കെ കെ രാഗേഷ് പറഞ്ഞു.

'ഞാന്‍ വലിയ വിപ്ലവകാരിയാണ് എന്ന് പറഞ്ഞ് നടന്ന ആളാണ് ഗോവിന്ദന്‍. എനിക്കെന്ത് തന്നു പാര്‍ട്ടി എന്നാണ് ഗോവിന്ദന്‍ ചോദിക്കുന്നത്. ടി കെ ഗോവിന്ദനെതിരെ അടിയന്തരാവസ്ഥാ കാലത്ത് ഒരു കേസും ഉണ്ടായിരുന്നില്ല. ഏതെങ്കിലും നേതാക്കള്‍ക്കെതിരെ കേസ് ഇല്ലാതിരിക്കുമോ. ഇത് എന്ത് നേതാവാണ്', കെ കെ രാഗേഷ് പരിഹസിച്ചു. വെറും അധ്യാപകനായ ഗോവിന്ദനെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാക്കിയത് പാര്‍ട്ടിയാണെന്നും എതിരാളികളുടെ കുത്ത് സഹിക്കാമെന്നും വര്‍ഗ വഞ്ചകന്‍ എന്നല്ലാതെ ടി കെ ഗോവിന്ദനെ വേറെ എന്ത് പേര് വിളിക്കുമെന്നും കെ കെ രാഗേഷ് ചോദിച്ചു.

Content Highlights: Pinarayi Vijayan said the reasons behind the defeat in Taliparamba should be seriously examined

dot image
To advertise here,contact us
dot image