'നേതൃത്വം തിരുത്തുമ്പോൾ അണികൾ കൂടി തിരുത്തേണ്ടേ?'; ഫേസ്ബുക്ക് കുറിപ്പുമായി പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറി

'ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തവർ ആ തെറ്റ് തിരുത്തി എൽഡിഎഫിന് ഒപ്പം നിൽക്കേണ്ടേ'

'നേതൃത്വം തിരുത്തുമ്പോൾ അണികൾ കൂടി തിരുത്തേണ്ടേ?'; ഫേസ്ബുക്ക് കുറിപ്പുമായി പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറി
dot image

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തളിപ്പറമ്പ് പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി അഡ്വ. മനോഹരന്‍ മോറായി. പാര്‍ട്ടി നേതൃത്വത്തിന് തെറ്റുപറ്റി എന്ന് കണ്ടെത്തിയതിനാല്‍ അണികള്‍ ചെയ്തതെല്ലാം ശരിയായിരുന്നു എന്നാണര്‍ത്ഥമത്രേ എന്നായിരുന്നു മനോഹരന്‍ മോറായി കുറിപ്പില്‍ പറഞ്ഞത്. നേതൃത്വം തിരുത്തുമ്പോള്‍ അണികള്‍ കൂടി തിരുത്തേണ്ടേയെന്നും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തവര്‍ ആ തെറ്റ് തിരുത്തി എല്‍ഡിഎഫിന് ഒപ്പം നില്‍ക്കേണ്ടേയെന്നും മനോഹരന്‍ മോറായി ചോദിച്ചു. പിണറായി വിജയന്‍ തളിപ്പറമ്പില്‍ നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ്.

തളിപ്പറമ്പില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പിണറായി വിജയന്‍ അണികളെ പഴിച്ചിരുന്നു. 'നിങ്ങളെ വഴിതെറ്റിച്ചത് എന്താണെന്ന് ഗൗരവമായി പരിശോധിക്കണം' എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. പരാജയം ഗൗരവമായി കാണുന്നുവെന്നും ആരെയാണ് നിങ്ങള്‍ വിശ്വാസത്തിലെടുത്തതെന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു. നിങ്ങള്‍ ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും തിരുത്താന്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.
'പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ മാത്രമുള്ള വീഴ്ച സംഭവിച്ചോ. താല്‍ക്കാലിക പ്രചാരവേലയില്‍ ആളുകള്‍ വീണു. എല്ലാ വെല്ലുവിളികളെയും നേരിട്ട് കരുത്താര്‍ജിക്കേണ്ടഘട്ടമാണിത്. ടി കെ ഗോവിന്ദനെ പോലെയുള്ള അവസരവാദിയെ സ്വീകരിക്കാന്‍ തയ്യാറായതിനുള്ള പശ്ചാത്താപം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. എല്ലാ കാലവും ഈ ജയം നിലനില്‍ക്കില്ല. പാര്‍ട്ടി ഏകോപിതമായി നീങ്ങേണ്ട ഘട്ടമാണിത്', എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

വിഷയത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി അണികള്‍ക്ക് തെറ്റുപറ്റിയെന്ന് പിണറായി വിജയന്‍ പറഞ്ഞത് പാര്‍ട്ടിക്കെതിരെ നിന്നവരെക്കുറിച്ചാണെന്നാണ് ടി പി രാമകൃഷ്ണന്‍ പറഞ്ഞത്. പാര്‍ട്ടിക്കെതിരെ നിലപാട് സ്വീകരിച്ചവര്‍ തിരുത്തി വരണം എന്നാണ് പിണറായി വിജയന്‍ ഉദ്ദേശിച്ചത്. അത് ശരിയാണല്ലോയെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. 'അണികള്‍ക്ക് തെറ്റുപറ്റി എന്ന് പറഞ്ഞത് പാര്‍ട്ടി അണികളെ ഉദ്ദേശിച്ചാണ് പറഞ്ഞത്. പാര്‍ട്ടിക്കെതിരെ നിലപാട് സ്വീകരിച്ചവര്‍ തിരികെ വരണം എന്നാണ് ഉദ്ദേശിച്ചത്. അത് ശരിയാണല്ലോ?. മാധ്യമങ്ങള്‍ പല രീതിയില്‍ ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. പാര്‍ട്ടി അണികളായ ചിലര്‍ പാര്‍ട്ടിക്ക് എതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അവര്‍ ആ തെറ്റ് തിരുത്തണം എന്ന അഭ്യര്‍ത്ഥനയാണ് പിണറായി നടത്തിയത്. അതിനെ അങ്ങനെയേ കാണേണ്ടതുള്ളൂ', ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

Content Highlights- Pinarayi Vijayan’s press secretary shared a Facebook post questioning whether party workers should also make changes when the leadership corrects itself

dot image
To advertise here,contact us
dot image