

കോട്ടയം: കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍ അന്വേഷിച്ച കേസുകളില്‍ പരിശോധന. പ്രമാദമായ കേസുകള്‍ അശോക് കുമാര്‍ കൈക്കൂലി വാങ്ങി അട്ടിമറിച്ചെന്നെ സംശയത്തെ തുടര്‍ന്നാണ് നീക്കം. നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രതികളായ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്, സിപിഐഎം നേതാവായ യു പ്രതിഭയുടെ മകന്‍ ഉള്‍പ്പെട്ട കഞ്ചാവ് കേസ് എന്നിവയിലുൾപ്പെടെയാണ് അട്ടിമറി സംശയത്തില്‍ ഫയലുകള്‍ പരിശോധിക്കാനുള്ള തീരുമാനം.
അശോക് കുമാറിന്റെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് പ്രാരംഭ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ അന്വേഷിച്ച കേസ് ഫയലുകള്‍ പരിശോധിക്കാന്‍ എക്‌സൈസ് വകുപ്പിന്റെ തീരുമാനം. ആലപ്പുഴയില്‍ അശോക് കുമാര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറായി ഇയാള്‍ ജോലി ചെയ്യുന്ന സമയമാണ് പ്രമുഖ നടന്മാര്‍ ഉള്‍പ്പെട്ട ഹൈബ്രിഡ് കഞ്ചാവ് വേട്ട നടന്നത്. കേരളത്തില്‍ അതുവരെ പിടികൂടിയതില്‍ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു അത്. എന്നാല്‍ പിന്നീട് പ്രതി പട്ടികയില്‍ നിന്നും നടന്മാരെ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ എത്തിയത്. നിലവില്‍ കഞ്ചാവുമായി പിടിയിലായ തമിഴ്‌നാട് സ്വദേശിയും സഹായിയുമാണ് കേസിലെ പ്രതികള്‍.
യു പ്രതിഭയുടെ മകന്‍ ഉള്‍പ്പെട്ട കേസിലും സമാനമായ സംശയമാണ് ഉയരുന്നത്. അശോക് കുമാര്‍ അന്വേഷിച്ച ഏഴോളം കേസുകളുടെ തല്‍സ്ഥിതി അറിയിക്കാനും ഫയലുകള്‍ ഹാജരാക്കാനും ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഫയലുകള്‍ ഇന്ന് തന്നെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് നേരിട്ട് എത്തിക്കും. ആലപ്പുഴയില്‍ ഡെപ്യൂട്ടി കമ്മീഷണറായിരിക്കുമ്പോള്‍ അശോക് കുമാര്‍ ബാറുകളില്‍ പരിശോധന നടത്തുന്നതില്‍ നിന്നും ഉദ്യോഗസ്ഥരെ വിലക്കിയിരുന്നു. കോട്ടയത്ത് നിന്നും അശോക് കുമാറിനെ തിരികെ ആലപ്പുഴയില്‍ എത്തിക്കാന്‍ ശുപാര്‍ശ നല്‍കിയതില്‍ മദ്യവിരുദ്ധ സമിതിയും ഉള്‍പ്പെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ ബാറുകളിലും കള്ളുഷാപ്പുകളിലും ഡ്രൈഡേയില്‍ മദ്യപില്‍പ്പനയ്ക്ക് അശോക് കുമാര്‍ കൈക്കൂലി വാങ്ങി അനുമതി നല്‍കിയെന്ന് ആരോപണം ഉയര്‍ന്നെങ്കിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
എക്‌സൈസ് മാസപ്പടി വിവാദത്തില്‍ അശോക് കുമാറിന് കുരുക്കായത് മൊബൈല്‍ ഫോണിലെ നിര്‍ണായക വിവരങ്ങളായിരുന്നു. ഫോണ്‍ രേഖകള്‍ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക പരിശോധയില്‍ കുറ്റം സമ്മതിക്കേണ്ടി വന്നു. പണത്തിനൊപ്പം ബാറുകളില്‍ നിന്നും മദ്യക്കുപ്പികള്‍ വാങ്ങി മടങ്ങുന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Content Highlights: The Kerala Excise Department will examine cases investigated by suspended Excise deputy Commissioner Ashok Kumar following suspicions of possible irregularities. The department is reviewing the cases handled by the officer to determine whether any procedural issues or other concerns occurred during the investigations.