

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ വിജയ് സർക്കാർ. തൂത്തുക്കുടിയിൽ 1,600 മെഗാവാട്ട് ശേഷിയുള്ള പുതിയ സൂപ്പർക്രിട്ടിക്കൽ താപവൈദ്യുത നിലയം സ്ഥാപിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. 800 മെഗാവാട്ട് ശേഷിയുള്ള രണ്ട് യൂണിറ്റുകൾ ഉൾപ്പെടുന്ന പദ്ധതിക്കാണ് അംഗീകാരം നൽകിയത്. 20,800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ചെന്നെെ നഗരത്തിലെ വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കാനായി സംസ്ഥാന സർക്കാർ 1,762 കോടി രൂപ ചെലവിലും 1,550 കോടി രൂപ ചെലവിലും രണ്ട് വൈദ്യുതി ഇടനാഴികൾ സ്ഥാപിക്കുമെന്നും വിജയ് അറിയിച്ചു. ഉയർന്ന ഡിമാൻഡ് ഉള്ള സമയങ്ങളിലെ ആവശ്യത്തിനായി മിച്ച വൈദ്യുതി സംഭരിക്കാൻ ബാറ്ററി സംഭരണ സംവിധാനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെന്നൈ നഗരത്തിൽ വെള്ളപ്പൊക്ക സമയത്തടക്കംവൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനും 36 പുതിയ 33/11 കെവി പവർ സബ്‌സ്റ്റേഷനുകൾ സ്ഥാപിക്കാനും സർക്കാരിന് പദ്ധതിയുണ്ട്.നഗരത്തിലുടനീളം വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും നവീകരിക്കാനായി 1,200 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും വിജയ് പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് ക്ഷീരകർഷകർക്ക് ആശ്വാസം നൽകുന്ന ഒരു പ്രഖ്യാപനവും വിജയ് നടത്തിയിരുന്നു.ക്ഷീരകർഷകരിൽ നിന്നും ആവിൻ പാൽ സംഭരിക്കുമ്പോൾ അവർക്ക് നൽകുന്ന തുക വർധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. 38 രൂപയിൽ നിന്ന് 41 രൂപയാക്കുമെന്നാണ് വിജയ് നിയമസഭയിൽ പറഞ്ഞത്.
വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന തീരുമാനമാണെങ്കിലും കർഷകരുടെ ക്ഷേമവും മാന്യമായ വേതനവും മറ്റും മുൻനിർത്തിയാണ് സർക്കാർ ഇത്തരത്തിൽ തീരുമാനമെടുക്കുന്നത് എന്നും വിജയ് പറഞ്ഞിരുന്നു. മൂന്നേകാൽ ലക്ഷം കർഷകർക്ക് ഈ തീരുമാനം ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തീരുമാനം മൂലം സംസ്ഥാന സർക്കാരിന് പ്രതിമാസം 30 കോടി രൂപയുടെ അധിക ചിലവാണ് വരിക. ഡിഎംകെ സർക്കാർ സംഭരണ വില വർധിപ്പിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല എന്നും വിജയ് കുറ്റപ്പെടുത്തിയിരുന്നു.
Content Highlights: Vijay government has approved a ₹20,800 crore project to establish a 1,600 MW supercritical thermal power plant in Thoothukudi to address the state’s electricity crisis. The project will comprise two units, each with a capacity of 800 MW, and is expected to strengthen Tamil Nadu’s power generation capacity